'വിമർശകരെ ട്രോളുന്നത് പിഴവുകൾ തിരുത്തുന്നതിന് വിഘാതമാകും'

വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നത് നയപരമായ പിഴവുകള്‍ തിരുത്തുന്നതിന് വിഘാതമാവുമെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. നിലപാടുകളിൽ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഫോണ്‍വിളി ഓരോ വിമര്‍ശകനും വരികയാണെങ്കില്‍ അല്ലെങ്കിൽ ഭരിക്കുന്ന സര്‍ക്കാരിന്റെ ട്രോള്‍പട വിമര്‍ശകരെ ലക്ഷ്യം വെക്കുകയാണെങ്കില്‍ പലരും വിമര്‍ശനത്തിന്റെ ശക്തി കുറയ്ക്കും. അപ്പോൾ സര്‍ക്കാര്‍ എല്ലാം സുഖകരമാണെന്ന് കരുതി മുന്നോട്ട്‌ പോവും. എന്നാൽ യാഥാർഥ്യം ഇനിയും നിഷേധിക്കാന്‍ കഴിയാത്തതാണെന്ന് തിരിച്ചറിയും വരെയേ അത് മുന്നോട്ടു പോവൂ”,രഘുറാം രാജൻ ഡൽഹിയിൽ പ്രസംഗത്തിനിടെ പറഞ്ഞു.

അധികാര സ്ഥാനങ്ങളിലിരിക്കുന്നവര്‍ അതു കൊണ്ട് തന്നെ വിമര്‍ശനങ്ങളെ അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ചില വിമര്‍ശനങ്ങള്‍ വ്യക്തിഹത്യ നിറഞ്ഞതും അവാസ്തവവുമാണ് എന്നത് അവിതര്‍ക്കമാണ്. അത്തരത്തിലുളള അനുഭവങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നത് നയപരമായ പിഴവുകള്‍ക്ക് ആക്കം കൂട്ടും”. തുടരെത്തുടരെയുള്ള വിമര്‍ശനങ്ങള്‍ നയപരമായ പിഴവുകള്‍ തിരുത്തി മുന്നോട്ടു പോവാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമര്‍ശിച്ചതിന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ നിന്ന് രണ്ടു വിദഗ്ധരെ ഒഴിവാക്കിയിരുന്നു.