'പഞ്ചാബിലേത് ഗുരുതര സുരക്ഷാവീഴ്ച'; പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള 'ബ്ലൂ ബുക്ക്' പരിഷ്‌ക്കരിക്കണമെന്ന് ശിപാര്‍ശ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെ വന്‍ സുരക്ഷാ വീഴ്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് റിപ്പോര്‍ട്ട്. സുരക്ഷാവീഴ്ച സംബന്ധിച്ച് അന്വേഷണം നടത്താന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പ്രധാനമന്ത്രി എത്തുമെന്ന് രണ്ടുമണിക്കൂര്‍ മുമ്പ് അറിയിച്ചിരുന്നു. എന്നിട്ടും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എഎസ്പിക്ക് കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ച സുപ്രീംകോടതി തുടര്‍നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാരിന് കൈമാറി.

ഇതിന് പുറമെ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള ‘ബ്ലൂ ബുക്ക്’ പരിഷ്‌കരിക്കണമെന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സമിതി ശിപാര്‍ശ ചെയ്തു. പഞ്ചാബിലെ സംഭവം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് ശിപാര്‍ശ. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയ്ക്ക് പുറമേ, എന്‍ഐഎ ഡയറക്ടര്‍ ജനറല്‍, ചണ്ഡീഗഡ് ഡിജിപി, പഞ്ചാബ് എഡിജിപി (സുരക്ഷാ വിഭാഗം), പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ എന്നിവരും സമിതിയില്‍ ഉണ്ടായിരുന്നു.

Read more

പഞ്ചാബില്‍ ജനുവരി 5ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കര്‍ഷകര്‍ തടഞ്ഞതിനെ തുടര്‍ന്ന് 20 മിനിറ്റോളമാണ് നടുറോഡില്‍ നിര്‍ത്തിയിടേണ്ടി വന്നത്. ഈ സംഭവത്തെ തുടര്‍ന്ന് സുരക്ഷാ വീഴ്ചയെ ചൊല്ലി കേന്ദ്ര സര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം നടന്നിരുന്നു. ശേഷം ‘ലോയേഴ്സ് വോയ്‌സ്’ എന്ന സംഘടനയുടെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് അന്വേഷണത്തിനായി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര സമിതിയെ നിയോഗിച്ചത്.