നവജോത് സിദ്ധുവിനെതിരെ പഞ്ചാബ് കോൺഗ്രസ് എംപിമാർ സോണിയ ഗാന്ധിയെ കാണും

നവജോത് സിംഗ് സിദ്ധു, അമരീന്ദർ സിംഗ് വിഷയം വീണ്ടും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മുമ്പിലേക്ക്. മുഖ്യമന്ത്രി അമരീന്ദർ സിംഗിനെ പിന്തുണയ്ക്കുന്ന ഒരു കൂട്ടം പഞ്ചാബ് എംപിമാർ തങ്ങളുടെ ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

നവജോത് സിദ്ധുവിനെ പഞ്ചാബ് കോൺഗ്രസിന്റെ അധ്യക്ഷനായി നിയമിക്കുന്നതിനെ എതിർക്കുന്നതായി സോണിയ ഗാന്ധിയെ എംപിമാർ അറിയിക്കും. രാജ്യസഭാ അംഗം പ്രതാപ് സിംഗ് ബജ്‌വയുടെ വസതിയിൽ എംപിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.

നവജോത് സിംഗ് സിദ്ധു കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ ഏറ്റവും തെറ്റായ രീതിയിലാണ് പെരുമാറിയിട്ടുള്ളതെന്നും സംഘടനയിൽ അദ്ദേഹത്തിന് യാതൊരു പിടിപാടുമില്ലെന്നും ഇവർ സോണിയക്ക് മുമ്പിൽ വാദിക്കാനാണ് സാധ്യത. മറ്റ് ജാതികളുടെയും സമുദായങ്ങളുടെയും സാമൂഹിക പ്രാതിനിധ്യം പരിശോധിക്കേണ്ടതുണ്ടെന്നും ഇവർ വാദിച്ചേക്കും.

ബിജെപി നിരസിച്ച സിദ്ധുവിവിന് സ്ഥാനക്കയറ്റം നൽകാനുള്ള
കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിൽ പാർട്ടിയിലെ മുതിർന്ന അംഗങ്ങൾ അസ്വസ്ഥരാണ്. നവജോത് സിദ്ധുവിന്റെ വിഷയം ഉന്നയിക്കുമെങ്കിലും സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും അന്തിമ തീരുമാനം അംഗീകരിക്കുമെന്ന് പ്രതാപ് സിംഗ് ബജ്‌വ പറഞ്ഞതായി എൻ‌ഡി‌ടി‌വി റിപ്പോർട്ട് ചെയ്തു.

അതേസമയം, നവജോത് സിദ്ധു മുഖ്യമന്ത്രിയുടെ ശക്തികേന്ദ്രമായ പട്യാലയിലേക്ക് താമസം മാറി. 30 ഓളം എം‌എൽ‌എമാരുമായി നവജോത് സിദ്ധു ഇന്നലെ കൂടിക്കാഴ്ച നടത്തി , വരും ദിവസങ്ങളിൽ കൂടുതൽ യോഗങ്ങൾ നടക്കും.