"പ്രതി കാറ്റ്, കാറ്റിനെ ശിക്ഷിക്കുക": ചെന്നൈയിൽ ഹോർഡിങ് വീണ് യുവതി മരിച്ച സംഭവം; വിവാദ പരാമർശവുമായി എ‌.ഐ‌.ഡി‌.എം‌.കെ നേതാവ്

കഴിഞ്ഞ മാസം ചെന്നൈയിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായ യുവതി അനധികൃതമായി വഴിയരികിൽ സ്ഥാപിച്ചിരുന്ന ഹോർഡിങ് വീണ് മരിച്ച ദാരുണമായ സംഭവത്തിൽ ഉത്തരവാദി ഹോർഡിങ് മറിഞ്ഞു വീഴാൻ ഇടയാക്കിയ കാറ്റാണെന്ന് എ.ഐ‌.ഡി‌.എം‌.കെ മുതിർന്ന നേതാവ് സി.പൊന്നയ്യൻ. ഒരു പ്രാദേശിക ടെലിവിഷൻ ചാനലിനോട് സംസാരിച്ച പൊന്നയ്യൻ, പരസ്യബോർഡ് സ്ഥാപിച്ച വ്യക്തിയെ മരണത്തിന് ഉത്തരവാദിയാക്കാൻ കഴിയില്ലെന്ന് അവകാശപ്പെട്ടു.

““ഹോർഡിങ് സ്ഥാപിച്ചയാൾ അവളെ മരണത്തിലേക്ക് തള്ളിവിട്ടിട്ടില്ല. എന്തെങ്കിലും കേസ് ഫയൽ ചെയ്യേണ്ടിവന്നാൽ, ആർക്കെങ്കിലും എതിരെ കേസെടുക്കേണ്ടതുണ്ടെങ്കിൽ അത് കാറ്റാണ്,” എന്ന് പൊന്നയ്യൻ പറഞ്ഞു. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ അംഗം ജയഗോപാൽ ആണ് ഹോർഡിംഗ് സ്ഥാപിച്ചിരുന്നത്. മൂന്നാഴ്ചയ്ക്ക് ശേഷം ചെന്നൈയിൽ നിന്ന് 320 കിലോമീറ്റർ അകലെയുള്ള കൃഷ്ണഗിരി ജില്ലയിൽ വെച്ച് ഇയാളെഅറസ്റ്റ് ചെയ്തിരുന്നു.

Read more

സെപ്റ്റംബർ 12 ന് ഐ.ടി കമ്പനിയിൽ ജോലി ചെയ്തിരുന്ന സുഭാശ്രി രവി (23) ഹെൽമെറ്റ് ധരിച്ച് ഇരുചക്രവാഹനം പ്രധാന നഗര വീഥിയിലൂടെ ഓടിക്കുകയായിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസാമിയുടെയും മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെയും ചിത്രങ്ങൾ ഉള്ള അനധികൃതമായി സ്ഥാപിച്ച ഹോർഡിങ് വീണു സുഭാശ്രി രവിയുടെ ബൈക്ക് വീഴുകയായിരുന്നു. സെക്കന്റുകൾക്ക് ശേഷം പുറകെ വന്ന ഒരു വാട്ടർ ടാങ്കർ ബൈക്കിൽ ഇടിച്ച് സുഭാശ്രി രവിയുടെ തലയ്ക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.