വിശ്വാസം തെളിയിക്കാനായില്ലെന്ന് സ്പീക്കർ, പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണു; മുഖ്യമന്ത്രി വി.നാരായണസ്വാമി രാജിവെച്ചു

പുതുച്ചേരിയിലെ വി.നാരാണസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി സ്പീക്കർ അറിയിച്ചു. വിശ്വാസ വോട്ടിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയടക്കം ഭരണകക്ഷി അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് വിശ്വാസം നേടിയെടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കി.

ദക്ഷിണേന്ത്യയിലെ അവസാന കോണ്‍ഗ്രസ് സര്‍ക്കാരാണ് വീണിരിക്കുന്നത്. രാജി പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെയാണ് പുതുച്ചേരിയില്‍ സര്‍ക്കാര്‍ താഴെവീണത്. സര്‍ക്കാര്‍ രൂപീകരിക്കാനായി ബിജെപി-എഐഎഡിഎംകെ-എന്‍ ആര്‍ കോണ്‍ഗ്രസ് ചര്‍ച്ച നടക്കുന്നുണ്ട്.

കേന്ദ്ര സര്‍ക്കാരിനെതിരെയും മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിക്കെതിരെയും വിശ്വാസ വോട്ടെടുപ്പിന് മുമ്പായി വി.നാരായണസ്വാമി രൂക്ഷവിമര്‍ശനം നടത്തി. കിരണ്‍ബേദിയെ വെച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിച്ചു. പുതുച്ചേരിക്ക് ഫണ്ട് തടഞ്ഞുവെച്ച് ഗൂഢാലോചന നടത്തിയെന്നും നാരായണസ്വാമി ആരോപിച്ചു.

ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി രണ്ട് എം.എല്‍.എ.മാര്‍കൂടി ഞായറാഴ്ച രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ.യും മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറിയുമായ കെ. ലക്ഷ്മീനാരായണനും സഖ്യകക്ഷിയായ ഡി.എം.കെ.യിലെ വെങ്കടേശനുമാണ് ഞായറാഴ്ച സ്പീക്കര്‍ വി.പി. ശിവകൊളുന്തുവിനു രാജി സമര്‍പ്പിച്ചത്. ഇതോടെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന് നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടമായത്. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരടക്കം ഭരണകക്ഷിയില്‍ നിന്ന് ആറ് എംഎല്‍എമാരാണ് രാജിവെച്ചത്.