3000 കോടി മുടക്കി നിര്‍മ്മിച്ച പട്ടേല്‍ പ്രതിമയ്ക്കുള്ളില്‍ ചോര്‍ച്ച; വൈറലായി വീഡിയോ

3000 കോടി മുടക്കി ബിജെപി സര്‍ക്കാര്‍ നിര്‍മ്മിച്ച ഏകതാ പ്രതിമയ്ക്കകത്തുള്ള നിരീക്ഷക ഗ്യാലറിയില്‍ ചോര്‍ച്ച. ഗുജറാത്തില്‍ ശനിയാഴ്ച പെയ്ത ശക്തമായ മഴയില്‍ സീലിങ്ങിലെ ചോര്‍ച്ചയിലൂടെ മഴവെള്ളം ഗ്യാലറിയിലേക്ക് വീഴുകയാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

കനത്ത മഴയെ തുടര്‍ന്ന് പ്രതിമക്കുള്ളില്‍ വെള്ളം കയറിയിട്ടുണ്ട്. ചോര്‍ച്ച കാരണമാണ് മഴവെള്ളം പ്രതിമക്കുള്ളിലേക്ക് കയറുന്നത്. കാഴ്ചക്കാര്‍ നില്‍ക്കുന്ന സ്ഥലത്താണ് വെള്ളം ചോരുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ചത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിനു സ്മാരകം എന്ന നിലയിലാണ് ഗുജറാത്തിലെ കെവാദിയയില്‍ പ്രതിമ നിര്‍മ്മിച്ചത്. പട്ടേലിന്റെ 144-ാം ജന്മദിനമായ ഒക്ടോബര്‍ 31 നായിരുന്നു അനാച്ഛാദനം. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഇതിന്റെ ഉയരം 182 മീറ്ററാണ്.

ഒരേസമയം 200 സന്ദര്‍ശകരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന സന്ദര്‍ശക ഗ്യാലറി തയ്യാറാക്കിയിരിക്കുന്നത് സന്ദര്‍ശകര്‍ക്ക് നര്‍മ്മദയുടെ ഗ്രാന്റ് വ്യൂ ആസ്വദിക്കാവുന്ന തരത്തിലാണ്.