'സമരജീവി' ആയതില്‍ അഭിമാനിക്കുന്നു, ഏറ്റവും വലിയ സമരജീവി ഗാന്ധിജി: പി.ചിദംബരം

സമരജീവി ആയതില്‍ അഭിമാനിക്കുന്നുവെന്നും ഏറ്റവും വലിയ സമരജീവി  മഹാത്മഗാന്ധിയായിരുന്നുവെന്നും കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രിയുമായ പി.ചിദംബരം. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നടത്തിയ “സമരജീവി” പരാമര്‍ശം ഏറ്റെടുത്തു കൊണ്ടാണ് ചിദംബരം ഇങ്ങനെ പറഞ്ഞത്.

കര്‍ഷക പ്രക്ഷോഭത്തെ പരാമര്‍ശിച്ചു കൊണ്ടാണ് പ്രധാനമന്ത്രി “ആന്ദോളന്‍ ജീവി” പരാമര്‍ശം നടത്തിയത്. “ഒരു പുതിയ തരം ആളുകള്‍ ഉയര്‍ന്നുവരുന്നുണ്ട്. അതാണ് ആന്ദോളന്‍ ജീവി (സമരജീവി). അഭിഭാഷകരുടെ സമരങ്ങളിൽ അവര്‍ പ്രത്യക്ഷപ്പെടുന്നു, വിദ്യാര്‍ത്ഥികളെ പ്രക്ഷോഭത്തില്‍ കാണാം, തൊഴിലാളികളുടെ പ്രക്ഷോഭത്തില്‍ കാണാം. ചിലയിടത്ത് അവര്‍ തിരശ്ശീലയ്ക്ക് പിന്നിലാണ്. മറ്റിടങ്ങളില്‍ അവര്‍ മുന്നിലാണ്. അവര്‍ക്ക് സമരങ്ങൾ കൂടാതെ ജീവിക്കാന്‍ കഴിയില്ല. രാജ്യസഭയില്‍ രാഷ്ട്രപതിക്കുള്ള നന്ദിപ്രസംഗത്തിനിടെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കര്‍ഷക യൂണിയന്‍ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കര്‍ഷകരെ പ്രധാനമന്ത്രി അപമാനിച്ചുവെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.