വി. മുരളീധരന് എതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി; കേന്ദ്ര വിജിലൻസ് അന്വേഷിക്കും

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി കേന്ദ്ര വിജിലന്‍സ് അന്വേഷിക്കും. വിദേശത്ത് നടന്ന മന്ത്രിതല യോഗത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് പി ആര്‍ ഏജന്റിനെ പങ്കെടുപ്പിച്ചെന്ന പരാതിയിലാണ് വിദേശകാര്യ ചീഫ് വിജിലന്‍സ് ഓഫീസര്‍ അന്വേഷണം നടത്തുക. കേന്ദ്ര വിജിലന്‍സ് കമ്മീഷനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അബുദാബിയിൽ മന്ത്രിതല സമ്മേളനത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനൊപ്പം മാനദണ്ഡങ്ങള്‍ ലംഘിച്ച് മഹിളാ മോര്‍ച്ച നേതാവും പിആര്‍ ഏജന്റുമായ സ്‌മിതാ മേനോൻ പങ്കെടുത്ത സംഭവം വിവാദമായിരുന്നു. ലോക് താന്ത്രിക് യുവജനതാതള്‍ ദേശീയ അദ്ധ്യക്ഷന്‍ സലിം മടവൂര്‍ നല്‍കിയ പരാതിയിലാണ് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം.

വി മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിച്ച് തീര്‍പ്പാക്കിയിരുന്നു. വി മുരളീധരന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കണ്ടെത്തിയത്. ആരോപണം ഉന്നയിച്ച് സലിം മടവൂര്‍ നല്‍കിയതടക്കം എല്ലാ പരാതികളും ഒക്ടോബര്‍ 21-ന് തള്ളിയിരുന്നു. മുമ്പ് വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോകോൾ ഓഫീസർ,​ മുരളീധരന് എതിരായ പരാതിയിൽ പ്രോട്ടോകോൾ ലംഘനമില്ലെന്ന് ക്ളീൻ ചിറ്റ് നൽകിയിരുന്നു.

ആരോപണത്തില്‍ വസ്തുതയില്ലെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. പരാതിയെ തുടര്‍ന്ന് കേന്ദ്രം യു.എ.ഇ വെല്‍ഫെയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ക്ളീൻ ചിറ്റ് നൽകിയിരുന്നത്.