മുസ്ലീങ്ങള്‍ അല്ലാത്ത ആര്‍ക്കും പൗരത്വം നല്‍കും; അസം ധനമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ കനക്കുമ്പോള്‍ വിവാദ പ്രസ്താവനയുമായി അസം ധനമന്ത്രി രംഗത്ത്. മുസ്ലീങ്ങള്‍ അല്ലാത്ത ഇന്ത്യയില്‍ എത്തിയവര്‍ക്ക് പൗരത്വം നല്‍കുമെന്നും ഏതു കാരണത്തിന്റെ പേരില്‍ ഇന്ത്യയില്‍ എത്തിയ മുസ്ലീങ്ങളല്ലാത്തവര്‍ക്ക് പൗരത്വത്തിന് അര്‍ഹതയുണ്ടെന്നും ബി.ജെ.പി നേതാവും മന്ത്രിയുമായ ഹിമാന്ത ബിശ്വ ശര്‍മ പറഞ്ഞു.

പാകിസ്ഥാനില്‍നിന്നോ ബംഗ്ലാദേശില്‍നിന്നോ അഫ്ഗാനില്‍നിന്നോ ഇന്ത്യയില്‍ എത്തിയവര്‍ക്ക് മത വിവേചനത്തിന് ഇരയായി എന്നു തെളിയിക്കാന്‍ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ക്കു ബംഗ്ലാദേശില്‍ പോയി അവിടത്തെ പൊലീസ് സ്റ്റേഷനില്‍നിന്ന് മതവിവേചനത്തിന് ഇരയായി എന്നു തെളിയിക്കുന്ന രേഖകള്‍ കൊണ്ടുവരാനാവില്ല.

ഒരു രാജ്യവും അത്തരം ഒരു രേഖ നല്‍കില്ല. മൂന്നു രേഖകളാണ് അവര്‍ ഇന്ത്യന്‍ പൗരത്വത്തിന് നല്‍കേണ്ടത്. 2014 ഡംസബര്‍ 31ന് മുമ്പായി ഇന്ത്യയില്‍ എത്തിയെന്നു തെളിയിക്കുന്ന രേഖ, ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജയിന്‍ മതത്തില്‍പ്പെട്ടയാളാണെന്നു തെളിയിക്കുന്ന രേഖ, ഈ മൂന്നു രാജ്യങ്ങളില്‍ ഒന്നില്‍ പൗരനായിരുന്നു എന്നു തെളിയിക്കുന്ന രേഖ- ചാനല്‍ അഭിമുഖത്തില്‍ ശര്‍മ വിശദീകരിച്ചു.