'അന്ന് ഇന്ദിരയെ കൊണ്ടു പോയി, ഇന്ന് ശ്രീരാമനെ പോലെ കൊച്ചുമകള്‍ പ്രിയങ്കയെയും'

യുപിയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ബോട്ടില്‍ കൊണ്ടു പോയ അശോക് സാഹ്നി കെവാത്തിന് ഇന്ന് കൈവന്നത് ചരിത്രനിയോഗം. വര്‍ഷങ്ങള്‍ക്ക് ശേഷം ഗംഗയിലൂടെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയേയും ബോട്ടില്‍ കൊണ്ടു പോയത് സാഹ്നി കെവാത്തും മകന്‍ അഭിഷേക് സാഹ്നി കെവാത്തും ചേര്‍ന്നായിരുന്നു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അലഹബാദ്, ഭദോയി, മിര്‍സാപൂര്‍ എന്നീ മൂന്ന് സ്ഥലങ്ങളിലായിരുന്നു പ്രിയങ്കയുടെ ബോട്ട് യാത്ര. ഈ യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിലാണ് അവസാനിച്ചത്. ഒ.ബി.സി വിഭാഗത്തിലെ മല്ലാ വംശത്തില്‍ നിന്നുള്ളവരാണ് കെവാത്ത് കുടുംബം.

1977 ലെ തന്റെ ബോട്ടില്‍ ഇന്ദിരാജി യാത്ര ചെയ്തായി അശോക് സാഹ്നി കെവാത്ത് പറഞ്ഞു. അന്ന് തനിക്ക് 18 വയസാണുണ്ടായിരുന്നത്. ഇപ്പോള്‍ അഞ്ചു കുട്ടികളുടെ പിതാവാണ് താന്‍. അവര്‍ പ്രിയങ്കയുടെ കൂടെ ഫോട്ടോയെടുക്കാന്‍ തന്നോട് പറഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് 2019 ലെ തിരഞ്ഞെടുപ്പ് ആര് ജയിക്കുമെന്ന് അറിയില്ല. തങ്ങളുടെ കുടുംബം ശ്രീരാമനെ നന്ദിയിലൂടെ കൊണ്ടുപോയിട്ടുണ്ട്. അതു പോലെ തങ്ങള്‍ പ്രിയങ്കയും കൊണ്ടു പോയിയെന്ന് അദ്ദേഹം പറഞ്ഞു.