തടങ്കൽ മുറി തൂത്തുവാരി പ്രിയങ്ക; തുടർന്ന് ഉപവാസത്തിൽ ഇരുന്നു

ഉത്തർപ്രദേശിൽ എട്ടുപേർ അക്രമത്തിൽ കൊല്ലപ്പെട്ട ലക്കിംപൂർ ഖേരി ജില്ലയിലേക്കുള്ള യാത്രാമധ്യേ പ്രിയങ്ക ഗാന്ധി വദ്രയെ ഇന്നലെ രാത്രി പൊലീസ് തടഞ്ഞു, ലക്നൗവിൽ നിന്ന് 90 കിലോമീറ്റർ അകലെ സീതാപൂരിലാണ് പ്രിയങ്ക ഗാന്ധിയെ തടഞ്ഞുവച്ചിരിക്കുന്നത്.

യുപി പൊലീസുമായി തർക്കിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ പ്രിയങ്കയെ തടഞ്ഞുവച്ചിരിക്കുന്ന സർക്കാർ അതിഥി മന്ദിരത്തിൽ നിന്നുള്ള പ്രിയങ്കയുടെ ദൃശ്യങ്ങളും പുറത്തുവന്നു.

പിഎസി (പ്രൊവിൻഷ്യൽ ആംസ് കോൺസ്റ്റാബുലറി) ഗസ്റ്റ് ഹൗസിലെ ഒരു മുറിയുടെ നിലം പ്രിയങ്ക ഗാന്ധി തൂത്തുവാരുന്നതായി ദൃശ്യങ്ങളിൽ കാണാം. പിന്നീട് പ്രിയങ്ക ഉപവാസത്തിൽ ഇരുന്നു. “പ്രിയങ്കയെ പാർപ്പിച്ചിരിക്കുന്ന മുറി വൃത്തികെട്ട് കിടക്കുകയായിരുന്നു, തുടർന്ന് അവർ മുറി സ്വയം വൃത്തിയാക്കി.” പ്രിയങ്കയുടെ സംഘത്തിലെ ഒരു അംഗം മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ച അക്രമത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണാനായി ലഖിംപൂർ ഖേരിയിലേക്ക് പോവുകയായിരുന്നു പ്രിയങ്ക ഗാന്ധി.

പ്രിയങ്കയെ തടഞ്ഞതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പിഎസിക്ക് പുറത്ത് തടിച്ചുകൂടി.