'അതേ എനിക്ക് ബന്ധമുണ്ട്' നിങ്ങള്‍ കരുതുന്നത് പോലെ അല്ലെന്ന് മാത്രം ; തീവ്രവാദ ബന്ധ ആരോപണത്തില്‍ പ്രിയങ്ക ഗാന്ധിയുടെ മറുപടി

ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക ഗാന്ധി മാധ്യമപ്രവര്‍ത്തകയ്ക്ക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. താങ്കള്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ട് എന്ന് സ്മൃതി ഇറാനി ആരോപിച്ചിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതെ എനിക്ക് തീവ്രവാദികളുമായി ബന്ധമുണ്ട് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

‘എന്റെ പിതാവിനെ കൊന്നത് തീവ്രവാദികളാണ്. എന്റെ മുത്തശ്ശിയേയും അവര്‍ കൊലപ്പെടുത്തി. ഇതാണ് എനിക്ക് തീവ്രവാദവുമായുള്ള ബന്ധം. എന്റെ കുടുംബം ഈ രാജ്യത്തിനായി രക്തസാക്ഷികളായി.’ ഇത്തരം ആരോപണങ്ങള്‍ അവസാനിപ്പിക്കണം എന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

ദേശീയ മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഈ രീതിയിലുള്ള മറുപടിയാണ് ആവശ്യമെന്നുമാണ് സോഷ്യല്‍മീഡിയയില്‍ കമന്റുകള്‍ പറയുന്നത്. ജനങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ നിന്നും മാറി, ഇത്തരം ചോദ്യങ്ങള്‍ക്ക് ഇത്തരം മറുപടിയാണ് അര്‍ഹിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ ഈ മറുപടിയുള്ളത്.