പ്രിയങ്കയെ ഒരു രാത്രി ഇരുട്ടത്തിരുത്തി യോഗി ഭരണകൂടം

ഉത്തര്‍പ്രദേശിലെ സോനഭദ്ര ഗ്രാമത്തിലുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട പത്തു പേരുടെ കുടുംബങ്ങൾ സന്ദർശിക്കാൻ പ്രദേശത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ സർക്കാരിന്റെ പ്രതികാര നടപടി. ഇന്നലെ സംഭവസ്ഥലം സന്ദർശിക്കാൻ എത്തിയ പ്രിയങ്കയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്നലെ രാത്രി മിര്‍സാപുരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ പ്രിയങ്കയെ പിന്തിരിപ്പിക്കാന്‍ വൈദ്യുതി വിച്ഛേദിക്കുകയാണ് ജില്ലാ ഭരണകൂടം ചെയ്തത്.

ഭൂമിയുടെ ഉടമസ്ഥതയെ സംബന്ധിച്ച തർക്കത്തെ തുടര്‍ന്നാണ് സോനഭദ്രയില്‍ വെടിവെയ്പ്പുണ്ടായത്. ഇതിനെ തുടര്‍ന്ന് ഇവിടെയെത്തിയ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക മിര്‍സപുരിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. സര്‍ക്കാര്‍ കാറിലാണ് ഇവരെ ഇവിടെ നിന്നും ഗസ്റ്റ് ഹൗസിലേക്ക് നീക്കിയത്. പ്രിയങ്കയെ ഇവിടെ നിന്നും തുരത്താനാണ് ജില്ലാ ഭരണകൂടം ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് അവര്‍ക്കൊപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.

Read more

അതേസമയം, അവര്‍ എത്ര ശ്രമിച്ചാലും തങ്ങളിവിടെ നിന്നും പിന്മാറില്ലെന്നും പ്രിയങ്കയ്‌ക്കൊപ്പം തന്നെ നില്‍ക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശിവ്കുമാര്‍ സിംഗ് പട്ടേല്‍ പറഞ്ഞു . തങ്ങള്‍ രാത്രി ഒരു മെഴുകുതിരി വെളിച്ചത്തില്‍ കഴിച്ചുകൂട്ടും. പ്രിയങ്കയോട് സര്‍ക്കാര്‍ ചെയ്തതിന് രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെല്ലാം പ്രതിഷേധിക്കും. ‘ഇരുട്ടാണെങ്കില്‍ ആളുകളെല്ലാം പോകുമെന്നാണ് സര്‍ക്കാര്‍ കരുതിയത്. ഞങ്ങള്‍ ഞങ്ങളുടെ നേതാവിനെ വിട്ട് എവിടേക്കും ഓടിപ്പോകില്ല. ഇത്രവലിയ ഒരു സംഭവമുണ്ടായിട്ട് പ്രതിപക്ഷത്തെ ഒരു നേതാവിന് അവിടെ പോകാന്‍ അനുവാദമില്ലെങ്കില്‍ അത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്’. കോണ്‍ഗ്രസ് നേതാവ് ഗുലാബ് ചന്ദ് പാണ്ഡെ പറയുന്നു. വൈദ്യുതി വിച്ഛേദിക്കപ്പെട്ട് ഇരുട്ടത്തിരിക്കുമ്പോഴും പ്രിയങ്ക ഗസ്റ്റ് ഹൗസില്‍ കര്‍ഷകരുമായി സംസാരിക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ വെളിച്ചവും മെഴുകുതിരിയുമാണ് ഇവര്‍ ഉപയോഗിച്ചത്. ചിലരുമായി അവര്‍ സെല്‍ഫിയെടുക്കുന്നതും കാണാമായിരുന്നെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സർക്കാർ വാഹനത്തിലാണ് പ്രിയങ്കയെ ഗസ്റ്റ് ഹൗസില്‍ എത്തിച്ചത്. ഇത് അറസ്റ്റല്ലെങ്കില്‍ പിന്നെ മറ്റെന്താണെന്നാണ് പ്രിയങ്ക ഗാന്ധി ചോദിക്കുന്നത്.