"രാജ്യത്തിൻറെ മോശം സാമ്പത്തിക സ്ഥിതിയിൽ പ്രധാനമന്ത്രി നിശ്ശബ്ദത പാലിക്കുന്നു, മന്ത്രിമാർ കബളിപ്പിക്കലിലും വീമ്പു പറച്ചിലിലും ഏർപ്പെട്ടിരിക്കുന്നു ": പി ചിദംബരം

ഐ.എൻ.എക്സ് മീഡിയ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ശേഷം നടത്തിയ തന്റെ ആദ്യത്തെ പത്രസമ്മേളനത്തിൽ രാജ്യത്തിന്റെ മോശം സാമ്പത്തിക സ്ഥിതിയിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പി. ചിദംബരം. പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക മാന്ദ്യത്തിന്റെ കാര്യത്തിൽ അസാധാരണമാംവിധം മൗനം പാലിക്കുകയാണെന്ന് ചിദംബരം പറഞ്ഞു.

“സർക്കാർ തെറ്റുകൾ വരുത്തുന്നു, അത് തെറ്റാണ്. ഞാൻ ആവർത്തിക്കട്ടെ, സർക്കാർ തെറ്റാണ്, കാര്യങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ ആണ് അവർ തെറ്റ് ചെയ്യുന്നത്,” 106 ദിവസം ജയിലിൽ കഴിഞ്ഞ ചിദംബരം പറഞ്ഞു. “സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി അസാധാരണമാം വിധം നിശ്ശബ്ദത പാലിക്കുന്നു. അദ്ദേഹം കാര്യങ്ങൾ മന്ത്രിമാർക്ക് വിട്ടുകൊടുത്തിരിക്കുകയാണ് അവരോ കബളിപ്പിക്കലിലും വീമ്പുപറച്ചിലിലും ഏർപ്പെട്ടിരിക്കുകയാണ്. സാമ്പത്തിക വിദഗ്‌ദ്ധർ പറയുന്നതുപോലെ, സമ്പദ്‌വ്യവസ്ഥയെ കൈകാര്യം ചെയ്യാൻ കഴിവില്ലാത്തവരായി സർക്കാർ മാറിയെന്നതാണ് ഇതിന്റെ ഫലം,” മുൻ ധനമന്ത്രി പറഞ്ഞു.

“മാന്ദ്യത്തിലേക്ക് നയിച്ച വ്യക്തമായ സൂചനകൾ കണ്ടെത്താൻ സർക്കാരിന് കഴിഞ്ഞില്ല. നോട്ടുനിരോധനം, ജിഎസ്ടിയിലെ പിഴവുകൾ, നികുതി ഭീകരത, റെഗുലേറ്ററി ഓവർകിൽ, പ്രൊട്ടക്ഷനിസം, പ്രധാനമന്ത്രിയുടെ ഓഫീസിൽ തീരുമാനങ്ങൾ എടുക്കുന്നതിലെ കേന്ദ്രീകൃത നിയന്ത്രണം തുടങ്ങിയ വിനാശകരമായ തെറ്റുകൾ പ്രതിരോധിക്കുന്നതിനുപകരം ധാർഷ്ട്യവും ശാഠ്യവും കാണിച്ചു എന്നതാണ് കാരണം” ചിദംബരം പറഞ്ഞു.