സാമ്പത്തിക വളര്‍ച്ചയിലെ കുറവ്: ഗീത ഗോപിനാഥിന് എതിരെ കേന്ദ്ര മന്ത്രിമാരുടെ ആക്രമണമുണ്ടാവുമെന്ന് പി.ചിദംബരം

ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് വെട്ടിക്കുറച്ച അന്താരാഷ്ട്ര നാണ്യ നിധിയേയും അതിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ഗീതാ ഗോപിനാഥിനേയും മന്ത്രിമാര്‍ ആക്രമിക്കുമ്പോള്‍ അതിനെ നേരിടാന്‍ തയ്യാറെടുക്കണമെന്ന് പി.ചിദംബരം. 2019-ല്‍ സാമ്പത്തിക വളര്‍ച്ച 6.1 ശതമാനത്തില്‍ നിന്നും 4.8 ശതമാനമായി കുറഞ്ഞെന്ന് ഐ.എം.എഫ് വ്യക്തമാക്കിയിരുന്നു. മൂന്നു മാസത്തിനിടെ സാമ്പത്തിക വളര്‍ച്ച 1.3 ശതമാനം കുറഞ്ഞെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ ഗീതാ ഗോപിനാഥ് അറിയിച്ചിരുന്നു.

നോട്ട് നിരോധനത്തെ അപലപിച്ചവരില്‍ ഒരാളാണ് ഐഎംഎഫ് സാമ്പത്തിക വിദഗ്ദ്ധ ഗീത ഗോപിനാഥ്. അതിനാല്‍ ഐ.എം.എഫിനെതിരേയും ഗീതാഗോപിനാഥിനെതിരേയും മന്ത്രിമാരുള്‍പ്പെടെ അക്രമിക്കും. അതിനെ നേരിടാന്‍ നാം തയ്യാറെടുക്കണം, ചിദംബരം ട്വീറ്റ് ചെയ്തു

2019-2020 സാമ്പത്തിക വളര്‍ച്ച അഞ്ചു ശതമാനത്തിന് താഴെയാണെന്നത് യാഥാര്‍ത്ഥ്യമാണ്. കേന്ദ്രസര്‍ക്കാര്‍ പല പുറംമിനുക്ക് പണികള്‍ നടത്തിയിട്ടും അഞ്ചു ശതമാനത്തിലെത്താന്‍ കഴിഞ്ഞില്ല. വളര്‍ച്ചാനിരക്ക് ഇതിലും കുറഞ്ഞാലും ആശ്ചര്യപ്പെടാനില്ലെന്നും ചിദംബരം വിമര്‍ശിച്ചു.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയിലെ കുറവ് പ്രകടമാണെന്ന് ഐ.എം.എഫ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ബാങ്കിംഗ് ഇതര സെക്ടറുകളിലെ തളര്‍ച്ചയും മോശമായ ഗ്രാമീണ വരുമാന വളര്‍ച്ചയും സാമ്പത്തിക വളര്‍ച്ചയിലെ ഇടിവിന് കാരണമായതായും ഗീതാ ഗോപിനാഥ് ചൂണ്ടിക്കാട്ടിയിരുന്നു.