അതിർത്തിയിൽ ചൈനയെ നേരിടാൻ ധൈര്യമുണ്ടോ? ആർ.എസ്.എസിനെ വെല്ലുവിളിച്ച് പ്രശാന്ത് ഭൂഷൺ

ഇന്ത്യ ചെെന അതിർത്തിയിൽ സംഘർഷ സാഹചര്യം നിലനിൽക്കെ ആർ.എസ്.എസിനെ വെല്ലുവിളിച്ച് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. രണ്ടുവർഷം മുമ്പ് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് നടത്തിയ പ്രസ്താവന ഉദ്ധരിച്ചാണ് സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷന്റെ പ്രസ്താവന. ധൈര്യമുണ്ടെങ്കിൽ ആർ.എസ്.എസ് ലഡാക്കിലെ ചൈന അതിർത്തിയിൽ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സൈന്യത്തെ ഒരുക്കാൻ സാധാരണഗതിയിൽ ആറോ ഏഴോ മാസം ആവശ്യമാണെങ്കിൽ വെറും രണ്ടു മൂന്ന് ദിവസം കൊണ്ട് ഒരുങ്ങാൻ ആർ.എസ്.എസിന് കഴിയും എന്ന് 2018 ഫെബ്രുവരിൽ മോഹൻ ഭാഗവത് മുസഫർപൂരിൽ പ്രസംഗിച്ചിരുന്നു. ആർ.എസ്.എസ് ഒരു സൈന്യമോ അർദ്ധസൈനിക വിഭാഗമോ അല്ലെങ്കിലും സൈന്യത്തിന്റെ അച്ചടക്കമാണ് തങ്ങൾക്കുള്ളതെന്നും ഭഗവത് പ്രസംഗിച്ചു. ഇന്ത്യൻ സൈന്യത്തെയും ആർ.എസ്.എസിനെയും താരതമ്യം ചെയ്തു കൊണ്ടുള്ള ഭാഗവതിന്റെ പ്രസംഗം വിവാദമാവുകയും ചെയ്തു. ദേശീയ പതാകയോടും ഓരോ സൈനികനോടുമുള്ള അവഹേളനമാണ് ഭഗവതിന്റെ പ്രസ്താവന എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

മോഹൻ ഭാഗവതിന്റെ പ്രസ്താവനയടങ്ങിയ “ദി ഹിന്ദു” റിപ്പോർട്ട് ഉദ്ധരിച്ചാണ് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.