​ഗുരുതര കോടതിയലക്ഷ്യം; പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീംകോടതി

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയ്ക്കെതിരെ ട്വീറ്റ് ചെയ്ത മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ നടപടി ​ഗുരുതര കോടതിയലക്ഷ്യമെന്ന് സുപ്രീംകോടതി. ഓഗസ്റ്റ് 20- ന് ശിക്ഷയില്‍ വാദം കേള്‍ക്കും.

ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസുമാരായ ബി ആർ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന മൂന്ന് അംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജൂൺ 27-  ന് സുപ്രീംകോടതിയെ കുറിച്ചും ജൂൺ 29- ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ കുറിച്ചും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തിരുന്നു. ഇതിനെതിരെ ജൂലൈ 22- നാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷന് നോട്ടീസ് നൽകിയത്.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ ബി.ജെ.പി നേതാവിന്റ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്നുവെന്നും മാസ്‌കും ഹെല്‍മെറ്റും ധരിച്ചിട്ടില്ലെന്നുമായിരുന്നു ജൂണ്‍ 29- ന് പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്. ഇതിന് പുറമെ സുപ്രീംകോടതിയെ വിമര്‍ശിച്ച് ജൂണ്‍ 27- നും അദ്ദേഹം മറ്റൊരു ട്വീറ്റിട്ടിരുന്നു.

“അടിയന്തരവസ്ഥ പോലും ഇല്ലാതെ എങ്ങനെയാണ് ഇന്ത്യയിൽ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എന്നറിയാൻ ഭാവിയിലെ ചരിത്രകാരന്മാർ കഴിഞ്ഞ ആറ് വർഷ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ അവർ ഈ നാശത്തിൽ സുപ്രീംകോടതിയ്ക്ക് പ്രത്യേക പങ്ക് ഉള്ളതായി രേഖപ്പെടുത്തും. പ്രത്യേകിച്ചും കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാർക്ക്”, – എന്നായിരുന്ന പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.