പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്ററില്‍ തുടരുന്നു

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍റ് റഫറല്‍ ആശുപത്രിയില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. കോവിഡ് ബാധിതന്‍ കൂടി ആയതിനാല്‍ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് ഹെല്‍ത്ത് ബുള്ളറ്റിന്‍ വ്യക്തമാക്കുന്നത്.

“അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഒരു പുരോഗതിയും കാണിച്ചിട്ടില്ല. ആരോഗ്യനില വഷളായിരിക്കുകയാണ്. വെന്റിലേറ്ററിന്റെ പിന്തുണയോടെ അദ്ദേഹം തുടരുന്നു” സൈനിക ആശുപത്രി ഇന്നലെ വൈകീട്ട് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. 84-കാരനായ പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം രൂപീകരിച്ചിട്ടുണ്ട്.

തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച രാവിലെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവര്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.