'വിഭാഗീയ രാഷ്ട്രീയം വിലപ്പോയില്ല അല്ലേ? 150 സീറ്റുകള്‍ എവിടെ?'; മോഡിയോട് ചോദ്യങ്ങളുമായി പ്രകാശ് രാജ്

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ നിറം മങ്ങിയ വിജയത്തെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. പ്രധാനമന്ത്രിയുടെ”വികാസ്” കൊണ്ട് വരും എന്ന് പറഞ്ഞ 150+ സീറ്റുകള്‍ എവിടെയെന്നാണ് പ്രകാശിന്റെ ചോദ്യം. ട്വിറ്ററിലൂടെയാണ് പ്രകാശ് മോഡിയോട് ചോദ്യങ്ങളുന്നയിച്ചത്.

വിജയത്തിന് അഭിനന്ദനങ്ങള്‍ പ്രധാനമന്ത്രീ, പക്ഷെ താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോ?, പ്രകാശ് രാജ് ചോദിച്ചു. പ്രധാനമന്ത്രിയുടെ “വികാസ്” (വികസനം) കൊണ്ട് അഭിമാനിക്കാനാകുന്ന നേട്ടങ്ങള്‍ ഇല്ലെന്ന് പ്രകാശ് ചൂണ്ടിക്കാണിച്ചു. വിഭാഗീയ രാഷ്ട്രീയം വിലപോയില്ലെന്ന് പരിഹാസവുമുയര്‍ത്തുന്നുണ്ട് അദ്ദേഹം.

Read more

ഇന്ത്യയിലെ ഉള്‍നാടുകളിലാണ് പ്രശ്‌നങ്ങള്‍ ഉള്ളതെന്ന് പ്രകാശ് ചൂണ്ടിക്കാട്ടുന്നു. അവിടങ്ങളിലെ അവഗണിക്കപ്പെട്ട കര്‍ഷകരുടെ പ്രതിഷേധമാണ് ബിജെപിയുടെ വോട്ട് കുറയാന്‍ കാരണമെന്നും പ്രകാശ് വിലയിരുത്തുന്നു. നഗരകേന്ദ്രീകൃതമായ ഇടങ്ങളില്‍ ബിജെപി വോട്ട് ഉറപ്പിച്ചപ്പോള്‍ ഗ്രാമങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചു. കര്‍ഷകരുടെയും ചെറുകിട സംരംഭകരുടെയും പ്രതിഷേധം മറികടക്കാന്‍ ബിജെപിയ്ക്ക് ആവനാഴിയിലെ അമ്പുകള്‍ മുഴുവന്‍ മതിയായില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ആ സാഹചര്യത്തിലാണ് ബിജെപിയുടെ ജനവിരുദ്ധവും തീവ്രഹിന്ദുത്വവുമായ നിലപാടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി പ്രകാശ് രംഗത്ത് വരുന്നത്.