ജിഹാദി സാഹിത്യം കൈവശം വെച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ല: എന്‍.ഐ.എയോട് ഡല്‍ഹി കോടതി

ജിഹാദി സാഹിത്യമോ ലേഖനമോ കൈവശം സൂക്ഷിച്ചു എന്ന കണ്ടെത്തിയത് കൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ഡല്‍ഹി കോടതി. ഇവയുടെ സഹായത്തോടെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മാത്രമാണ് കുറ്റകൃത്യമാവുകയെന്ന് യുഎപിഎ കേസില്‍ ഡല്‍ഹി കോടതി പറഞ്ഞത്. ഡല്‍ഹി സെഷന്‍സ് ജഡ്ജി ധര്‍മേശ് ശര്‍മയുടേതാണ് നിരീക്ഷണം.

ഏതെങ്കിലും പ്രത്യേക മത വിഭാഗത്തിന്റെ ആശയം ഉള്‍ക്കൊള്ളുന്ന ലേഖനമോ സാഹിത്യമോ കൈവശം വയ്ക്കുന്നത് കുറ്റമല്ല. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 അനുസരിച്ച് ലഭിക്കുന്ന സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിരാണ് ഇത്തരം നീക്കമെന്നും കോടതി വിശദമാക്കി. ഐഎസില്‍ ചേരാനുള്ള നീക്കത്തിലായിരുന്നു ആരോപണവിധേയര്‍ക്കുള്ളതെന്ന വാദവും കോടതി തള്ളി.

ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ ഐഎസ് ആശയ പ്രചാരണം നടത്തിയെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ശേഖരിച്ചുവെന്നും അടക്കമുള്ള ആരോപണങ്ങളാണ് എന്‍ഐഎ യുഎപിഎ കേസില്‍ 11 പേര്‍ക്കെതിരെ ചുമത്തിയത്.

തീവ്രവാദ പ്രവര്‍ത്തനത്തിനായി ധനശേഖരണം നടത്തിയെന്നതിന് തെളിവുകളില്ലെന്ന് കോടതി വിശദമാക്കി. ആരോപണ വിധേയര്‍ എന്തെങ്കിലും ആയുധം ശേഖരിച്ചോയെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. മുസ്ഹബ് അന്‍വര്‍, റീസ് റഷീദ്, മുന്‍ഡാഡിഗുട്ട് സദാനന്ദ മര്‍ല ദീപ്തി, മുഹമ്മദ് വഖാര്‍ ലോണ്‍, മിസ്ഹ സിദ്ദീഖ്, ഷിഫഹാരിസ്, ഉബൈദ് ഹാമിദ് മട്ട, അമ്മാര്‍ അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കെതിരെയുള്ള ഐപിസി 120 ബി സെക്ഷന്‍ പ്രകാരവും യുഎപിഎ 2(0), 13, 38, 39 പ്രകാരവുമുള്ള കുറ്റങ്ങള്‍ കോടതി നിലനിര്‍ത്തി.

എന്നാല്‍ മുസമ്മില്‍ ഹസന്‍ ഭട്ടിനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.