കോവിഡ് ധനസഹായത്തിന് പോർട്ടൽ; കേരള മോഡൽ എതിർത്ത് കേന്ദ്രം, ആദ്യം സ്വന്തമായി ഒന്ന് ഉണ്ടാക്കൂ എന്ന് സുപ്രീംകോടതി

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായത്തിന് പ്രത്യേക പോർട്ടൽ വികസിപ്പിക്കണമെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാന സർക്കാരുകളും പ്രത്യേക പോർട്ടൽ ഉണ്ടാക്കണം. ഇതു വഴി ആളുകൾക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ഉൾപ്പെടെ നൽകാൻ സാധിക്കണം. ആളുകൾക്ക് കൂടുതൽ സൗകര്യപ്പെടുന്ന രീതിയിൽ പോർട്ടൽ രൂപീകരിക്കാനാണ് നിർദ്ദേശം.

കേരളം പ്രത്യേക ഓൺലൈൻ പോർട്ടൽ കൊണ്ടുവന്നതായി കോടതി പറഞ്ഞു. എന്നാൽ കേരളത്തിന്റെ പോർട്ടൽ ഒരു മോഡലായി കാണാനാവില്ലെന്നും, ഗുജറാത്ത് മോഡലാണ് പരിഗണിക്കാവുന്നതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. അതിന് ആദ്യം കേന്ദ്രം ദേശീയ തലത്തിൽ ഒരു സംവിധാനം കൊണ്ടുവരൂവെന്ന് കോടതി തിരിച്ചടിച്ചു. രാജ്യത്ത് കോവിഡ് മരണ ധനസഹായത്തിനായി ഒറ്റ സംവിധാനവും ഉണ്ടാവണം. പോർട്ടൽ ഉടൻ തയ്യാറാക്കാമെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചു.

സംസ്ഥാനങ്ങൾ പോർട്ടൽ സംവിധാനം കൊണ്ടുവരുന്നതോടെ ഗ്രാമത്തിലുള്ളവർക്കും ഉപകാരമാകും. ഇതിനായി നഗരത്തിലേക്ക് വരേണ്ട സാഹചര്യം ഒഴിവാക്കാം. സർക്കാർ ഓഫീസുകളിലെ തിരക്കും നീണ്ട വരിയും ഒഴിവാക്കാം. എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങൾ കേട്ട് ശേഷം വേണ്ട നടപടികൾ എടുക്കും. തിങ്കളാഴ്ചയ്ക്കകം മറുപടി അറിയിക്കാൻ കേന്ദ്രത്തിനും, സംസ്ഥാനങ്ങൾക്കും കോടതി നിർദ്ദേശം നൽകി.

പല സംസ്ഥാനങ്ങളിലും നഷ്ടപരിഹാര വിതരണ വിവരം കേന്ദ്ര സർക്കാരിന് നൽകിയിട്ടില്ല. അപേക്ഷകളുടെ എണ്ണവും കുറവാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപവീതം നഷ്ടപരിഹാരം നൽകാൻ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ നിർദേശിച്ചിരുന്നു. സംസ്ഥാനങ്ങളാണ് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഇത് നൽകേണ്ടത്. വിഷയം കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.