മുന്‍ കേന്ദ്രമന്ത്രിക്കു നേരെ തോക്കു ചൂണ്ടി; പൊലീസുകാരന് പണിയായി

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ കമല്‍നാഥിനു നേരെ തോക്കു ചൂണ്ടിയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഡല്‍ഹിക്കു പുറപ്പെടാനായി മധ്യപ്രദേശിലെ ഛിന്ദ്വാര എയര്‍ സ്ട്രിപ്പില്‍ എത്തിയപ്പോഴാണ് രത്നേഷ് പവാര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ കമല്‍നാഥിനു നേരെ തോക്കുചൂണ്ടിയത്. കമല്‍നാഥിന്റെ സുരക്ഷാ ഭടന്‍മാര്‍ ഉടന്‍തന്നെ ഇയാളെ കീഴ്‌പ്പെടുത്തി.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഛിന്ദ്വാരയിലെ എയര്‍പോര്‍ട്ടിലാണ് സംഭവം. ഡല്‍ഹിക്ക് പോകാനെത്തിയ കമല്‍നാഥിന് നേരെ ഡ്യൂട്ടിയിലുണ്ടായിരുന്ന രത്നേഷ് പവാര്‍ തോക്കു ചൂണ്ടുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന പോലീസുകാര്‍ രത്നേഷ് പവാറിനെ തള്ളിമാറ്റുകയും വെടിവയ്ക്കുന്നതില്‍നിന്ന് തടയുകയുമായിരുന്നു.

പിന്നീട് ഇയാളെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. താന്‍ അസ്വാഭാവികമായി ഒന്നും ചെയ്തിട്ടില്ലെന്നും എന്താണ് സംഭവിച്ചതെന്ന് തനിക്ക് ഓര്‍മയില്ലെന്നുമായിരുന്നു ഇയാളുടെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഛിന്ദ്വാഡയില്‍നിന്ന് ഒന്‍പതു തവണ ലോക്‌സഭയിലെത്തിയിട്ടുള്ള കമല്‍നാഥ് കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു.