ബംഗാളില്‍ ലോക്ക്ഡൗണ്‍ നിർദേശം ലംഘിച്ച് ആള്‍ക്കൂട്ടം; ചോദ്യം ചെയ്ത പൊലീസിന് നേരെ കല്ലേറ്

പശ്ചിമ ബംഗാളിലെ ഹൗറയില്‍ സാമൂഹിക അകലം പാലിക്കാത്തവരെ നിരീക്ഷിക്കാനെത്തിയെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം.  രണ്ട് പൊലീസുകാരെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ലോക്ക്ഡൗണ്‍ ലംഘിച്ച് തെരുവില്‍ കൂട്ടംകൂടിയവരെ പിരിച്ചുവിടാന്‍ ശ്രമിച്ചതോടെയാണ് ക്ഷുഭിതരായ ജനക്കൂട്ടം പൊലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും അവരെ ഓടിക്കുകയും ചെയ്തത്. അഭയം തേടി ഇവര്‍ പൊലീസ് ഔട്ട്പോസ്റ്റില്‍ ഒളിച്ചതോടെ ആളുകള്‍ പൊലീസ് ഔട്ട്പോസ്റ്റിനും നേരെയും കല്ലെറിഞ്ഞു. രണ്ട് പൊലീസ് വാഹനങ്ങള്‍ നശിപ്പിച്ചു.

പശ്ചിമബംഗാളില്‍ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലമാണ് ഹൗറ. ലോക്ക്ഡൗണില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിരീക്ഷണത്തിലാണ് പശ്ചിമബംഗാള്‍.