ഗുജറാത്തില്‍ വിഷമദ്യ ദുരന്തം; 24 മരണം, പത്ത് പേര്‍ അറസ്റ്റില്‍

ഗുജറാത്തില്‍ വിഷമദ്യ ദുരന്തം. 24 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 30ഓളം ആളുകള്‍ ചികിത്സയിലാണ്. ബോതാദ് ജില്ലയിലെ റോജിഡ് ഗ്രാമത്തിലാണു മദ്യദുരന്തമുണ്ടായത്. മദ്യം കഴിച്ച നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

ഞായറാഴ്ച രാത്രിയാണ് ഇവര്‍ വ്യാജമദ്യം കഴിച്ചത്. മദ്യം കഴിച്ചവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ബോതാദ് ജില്ലയിലും അഹമ്മദാബാദ് ജില്ലയിലുമാണ് ദുരന്തമുണ്ടായത്. മദ്യദുരന്തത്തില്‍ പെട്ടവര്‍ ജില്ലകളിലെ വിവിധ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന.

പ്രാദേശികമായി നിര്‍മ്മിച്ച മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് വിവരം. സമ്പൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. സംഭവത്തില്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഉള്‍പ്പെടെയുള്ള വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. മദ്യ ദുരന്തത്തെ തുടര്‍ന്ന് പൊലീസ് പത്തുപേരെ കസ്റ്റഡിയിലെടുത്തു.

Read more

വ്യാജമദ്യം നിര്‍മ്മിക്കുന്നതിന് വേണ്ടി ജയേഷ് എന്നയാളാണ് മെഥനോള്‍ എത്തിച്ച് നല്‍കിയത്. എഎംഒഎസ് കെമിക്കല്‍സില്‍ നിന്ന് 600 ലിറ്റര്‍ മെഥനോള്‍ എത്തിച്ച് നല്‍കിയെന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.