മാധ്യമ വിമര്‍ശനങ്ങളും നിരീക്ഷണത്തില്‍; എഡിറ്റോറിയലുകളും ലേഖനങ്ങളും മോദിയുടെ ഓഫീസ് നിരീക്ഷിക്കുന്നു

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ ഉയരുന്ന വിമര്‍ശനങ്ങള്‍ നിരീക്ഷിക്കുന്നെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്ന എഡിറ്റോറിയലുകള്‍, ഒപ്പീനിയന്‍ പീസുകള്‍ കോളങ്ങള്‍ തുടങ്ങിയവ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് നിരീക്ഷണവിധേയമാക്കുന്നതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള വിവരങ്ങളെ ആധാരമാക്കി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എല്ലാ മന്ത്രാലയങ്ങളും ഇത്തരത്തില്‍ തങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ലേഖനങ്ങളും മറ്റും നിരീക്ഷിക്കണമെന്ന് മോദിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാബിനറ്റ് തീരുമാനങ്ങള്‍ തുടങ്ങിയവയിന്മേല്‍ വരുന്ന ലേഖനങ്ങള്‍ ശേഖരിക്കുകയും അവയുടെ ചുരുക്കരൂപം തയ്യാറാക്കുകയും വേണം. അവ സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നതാണോയെന്ന് പ്രത്യേകം പരിശോധിക്കണം. ശേഷം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം. അച്ചടി മാധ്യമങ്ങളില്‍ നിന്നുള്ള വാര്‍ത്തകളുടെ ക്ലിപ്പിങ്ങുകളടക്കം പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയയ്ക്കണമെന്നാണ് നിര്‍ദ്ദേശമെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി പ്രിന്റ് പറയുന്നു.

ഓരോ മന്ത്രാലയത്തിലെയും മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ഈ വിവരങ്ങളെല്ലാം ശേഖരിച്ച് ക്രമീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയയ്ക്കുക. ഓരോ ആഴ്ചയിലും ഇങ്ങനെ അയയ്ക്കാനാണ് നിര്‍ദേശം.