കോവിഡ് സാഹചര്യം; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച സർവ്വകക്ഷി യോഗം

രാജ്യത്തെ കൊറോണ വൈറസ് സ്ഥിതി ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ സർവ്വകക്ഷി യോഗം ചേരുമെന്ന് റിപ്പോർട്ട്. പകർച്ചവ്യാധി തുടങ്ങിയതിന് ശേഷം ഇന്ത്യയിലുടനീളം 94 ലക്ഷത്തിലധികം ആളുകളെ ബാധിച്ച കൊറോണ വൈറസിനെ സംബന്ധിച്ച് സർക്കാർ വിളിച്ച രണ്ടാമത്തെ സർവ്വകക്ഷി യോഗമാണിത്.

പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ, പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്നും പാർലമെന്ററി കാര്യ മന്ത്രാലയം എല്ലാ നേതാക്കളെയും യോഗ വിവരം അറിയിച്ചിട്ടുണ്ടെന്നും വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതും ഉത്പാദന പ്രക്രിയയും വ്യക്തിപരമായി അവലോകനം ചെയ്യുന്നതിനായി ശനിയാഴ്ച പ്രധാനമന്ത്രി രാജ്യത്തെ വാക്സിൻ കേന്ദ്രങ്ങൾ സന്ദർശിച്ചു.

“പൗരന്മാർക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനുള്ള ഇന്ത്യയുടെ ശ്രമത്തിലെ തയ്യാറെടുപ്പുകൾ, വെല്ലുവിളികൾ, മുന്നോട്ടുള്ള വഴികൾ എന്നിവയെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാൻ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ സന്ദർശനം” എന്ന് പ്രധാനമന്ത്രി മോദിയുടെ ഓഫീസ് അറിയിച്ചിരുന്നു.