സഖ്യരൂപീകരണത്തില്‍ വിട്ടുവീഴ്ചയ്ക്കുള്ള സാധ്യത തുറന്നിട്ട് കോണ്‍ഗ്രസ്; പ്രധാനമന്ത്രിപദത്തിന് വാശിയില്ലെന്ന് ഗുലാം നബി ആസാദ്

എന്‍ഡിഎയെയും മോദിയെയും തടയുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ലെന്നും കോണ്‍ഗ്രസ്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ആശയക്കുഴപ്പമില്ലാതെ കോണ്‍ഗ്രസിന് വേണ്ടി ധാരണയുണ്ടായാല്‍ നേതൃത്വം പാര്‍ട്ടി ഏറ്റെടുക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.

ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവുന്നത് നല്ലതാണ്. എന്നാല്‍ അത് കോണ്‍ഗ്രസിന് തന്നെ കിട്ടണമെന്ന് ഒരു വാശിയുമില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലമറിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം രാജ്യവ്യാപകമായി സഖ്യസാധ്യതകളെ തുറന്നിടുന്നതാണ്. 140 വരെ സീററുകളാണ് കോണ്‍ഗ്രസ് നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതര സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യചര്‍ച്ചകള്‍ പരാജയപ്പെട്ടതും ത്രികോണ മത്സരങ്ങള്‍ ശക്തമായതും സീറ്റുകളുട എണ്ണത്തില്‍ വ്യതിയാനമുണ്ടാക്കിയേക്കാമെന്ന തിരിച്ചറിവാണ് പാര്‍ട്ടിക്കു നല്‍കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നയം പാര്‍ട്ടി വ്യക്തമാക്കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ എസ്പി – ബിഎസ്പി സഖ്യം കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് പല മണ്ഡലങ്ങളിലും ത്രികോണ മത്സരമായിരുന്നു. ഇതിന്റെ ഗുണഭോക്താക്കളായി ബിജെപി മാറുമോ എന്ന ആശങ്ക പാര്‍ട്ടിക്കും എസ് പി-ബി എസ് പി സഖ്യത്തിനും ഇല്ലാതില്ല.ക ഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു പി യിലെ 80 സീറ്റുകളില്‍ 73 എണ്ണം ബിജെപിയും സഖ്യകക്ഷിയുമാണ് നേടിയത്. ഡല്‍ഹിയിലും ഇതേ പ്രശ്‌നം കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടി സഖ്യം നിരസിച്ചതോടെ ഒരുമിച്ച് നിന്നാല്‍ കിട്ടിയേക്കാവുന്ന ഏഴു സീറ്റിലും ശക്തമായ ത്രികോണ മത്സരം വന്നതോടെ ബിജെപിയ്ക്ക് പല മണ്ഡലങ്ങളിലും നേട്ടമുണ്ടാക്കാനാകും. നേരത്തേ കോണ്‍ഗ്രസിന് മികച്ച നേട്ടമുണ്ടാക്കാനായാല്‍ രാഹുല്‍ തന്നെയാകും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസ്. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തതാണ്.

എന്നാല്‍ എന്‍സിപി നേതാവ് ശരദ് പവാറാകട്ടെ, മമതാ ബാനര്‍ജിയോ മായാവതിയോ ആകും പ്രധാനമന്ത്രിയാകാന്‍ യോഗ്യരെന്നാണ് അഭിപ്രായപ്പെട്ടത്. ഇതിനിടയിലാണ് ഫെഡറല്‍ മുന്നണി നീക്കവുമായി സജീവമായി ടി ആര്‍ എസ് നേതാവ് ചന്ദ്രശേഖര റാവുവും രംഗത്തുണ്ട്. എന്നാല്‍ ഇരുട്ടി വെളുക്കുമ്പോള്‍ തനിനിറം കാണിക്കുന്ന ഇദ്ദേഹത്തെ വിശ്വാസത്തിലെടുക്കാന്‍ മറ്റ് പാര്‍ട്ടികള്‍ തയ്യാറല്ല.