28 പേർക്ക് കൊറോണ, പ്രധാനമന്ത്രി ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കില്ല, സംഘമായുള്ള ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ കൂട്ടായ ഹോളി ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് 28 പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹോളി ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വലിയ സംഘങ്ങളായുള്ള ഹോളി ആഘോഷങ്ങൾ ജനങ്ങൾ ഒഴിവാക്കണമെന്ന് മോദി അഭ്യർത്ഥിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

അതിനിടെ മൊത്തം 28 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറ്റലിയിൽ നിന്നെത്തിയ 17 പേർക്കും രോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈന, കൊറിയ, ജപ്പാൻ, ഇറാൻ തുടങ്ങി കൊറോണ പടർന്നു പിടിച്ചിട്ടുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകൾ അത്യാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ചൈന, കൊറിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള എല്ലാ തരത്തിലുള്ള വിസയും റദ്ദാക്കി.

ഡൽഹിയിലെ എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ തയ്യാറായതായി ആരോഗ്യ വകുപ്പ് മന്ത്രി ഹർഷ് വർദ്ധൻ അറിയിച്ചു. 19 പുതിയ ടെസ്റ്റിംഗ് ലാബുകളും ആരംഭിക്കും. ഇന്ത്യയിലേക്ക് വരുന്ന എല്ലാ വിദേശികളെയും പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.