മോദിയുടെ മാന്‍ വെഴ്‌സസ് വൈല്‍ഡ് കണ്ടവര്‍ ഗൂഗിളില്‍ തിരഞ്ഞത് കറിവേപ്പിലയെ കുറിച്ച്

ഡിസ്‌കവറി ചാനലില്‍ പ്രശസ്ത ഷോയായ മാന്‍ വെഴ്‌സസ് വൈല്‍ഡില്‍ ബെയര്‍ ഗ്രില്‍സിനൊപ്പം അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയതിന് പിന്നാലെ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞത് കറിവേപ്പിലയെ കുറിച്ച്.

തിങ്കളാഴ്ചയാണ് മോദി അതിഥിയായി എത്തിയ മാന്‍ വെഴ്‌സസ് വൈല്‍ഡ് എപ്പിസോഡ് സംപ്രേഷണം ചെയ്തിരുന്നത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലാണ് ഏപ്പിസോഡിന്റെ ചിത്രീകരണം നടന്നത്.

ഇരുവരുടെയും നദിയിലൂടെയുള്ള യാത്രയ്ക്കിടെ ഗ്രില്‍സ് മോദിക്ക് ഫ്‌ളാസ്‌കില്‍ നിന്ന് ചായ നല്‍കുന്നുണ്ട്. സ്വീറ്റ് നീം ഇട്ടതാണിതെന്ന് ഗ്രില്‍ പറയുന്നുണ്ട്. തുടര്‍ന്ന് ഇരുവരും സ്വീറ്റ് നീമിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുമുണ്ട്. ഇന്ത്യയിലെ വീട്ടമ്മമാര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകമായി സ്വീറ്റ് നീം മാറിയതിനെ കുറിച്ച് മോദി വിവരിക്കുന്നുണ്ട്.

കറികള്‍ക്ക് പ്രസിദ്ധമാണ് ഇന്ത്യ. ഇന്ത്യയിലെ കറികളില്‍ ഒഴിച്ചുകൂടാനാവാത്തതാണ് മോദി പറയുന്നുണ്ട്. ഇതോടെ ഇന്ത്യക്കാര്‍ എന്താണ് സ്വീറ്റ് നീമെന്ന് ഗൂഗിളില്‍ തിരഞ്ഞു തുടങ്ങി. വീടുകളില്‍ ഉപയോഗിക്കുന്ന ഈ ഇലകളുടെ പ്രയോജനത്തെ കുറിച്ചാണ് അവര്‍ക്ക് അറിയേണ്ടിയിരുന്നത്.

സ്വീറ്റ് നീം എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ലഭിക്കുക കറിവേപ്പിലയെ കുറിച്ചുള്ള വിവരങ്ങളാണ്. കറിവേപ്പില അല്ലെങ്കില്‍ കടിപട്ട എന്നാണ് ഇവ പൊതുവില്‍ അറിയപ്പെടാറുള്ളത്. പരമ്പരാഗതമായി ഇന്ത്യന്‍ അടുക്കളയില്‍ ഇത് ഉപയോഗിച്ച് വരുന്നുണ്ട്. കാന്‍സര്‍, പ്രമേഹം എന്നീ രോഗങ്ങള്‍ക്ക് ഫലപ്രദമാണ് കറിവേപ്പില എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.