അഫ്ഗാനിസ്ഥാൻ ഭീകരസംഘടനകളുടെ മണ്ണാക്കി മാറ്റാനാവില്ല; ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്ക് അത് വിനയാകുമെന്ന് മോദി

ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും പടരുകയാണെന്നും ഇത് നേരിടാൻ ശാസ്ത്ര മൂല്യങ്ങളിൽ അധിഷ്ഠിതമായ പഠനം ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ വളരുമ്പോൾ ലോകം വളരുന്നു. ഇന്ത്യ മാറുമ്പോൾ ലോകം വളരുകയാണെന്നും മോദി യുഎൻ ആസ്ഥാനത്ത് നടത്തിയ പ്രസം​ഗത്തിൽ പറഞ്ഞു.

ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. 40 കോടി ജനങ്ങളെ ബാങ്കിംഗ് മേഖലയുമായി ബന്ധിപ്പിച്ചു. ഇന്ത്യ ലോകത്തെ ആദ്യ ഡിഎൻഎ വാക്സീൻ വികസിപ്പിച്ചു. 12 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ നല്കാൻ ഇന്ത്യ തയ്യാറാണ്. ജനാധിപത്യമൂല്യങ്ങളിലൂന്നിയ സാങ്കേതിക വിദ്യ അനിവാര്യമാണെന്നും മോദി പറഞ്ഞു. വാക്സീൻ  ഉത്പാദനത്തിന് ആഗോള കമ്പനികളെ സ്വാഗതം ചെയ്യുന്നു.

പാകിസ്താനെതിരെ പരോക്ഷമായും മോദി വിമര്‍ശമുന്നയിച്ചു  ഭീകരതയെ ചില രാജ്യങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ലോകമെങ്ങും തീവ്രവാദവും മൗലികവാദവും വര്‍ധിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്ക് അത് വിനയാകും. അഫ്ഗാനിസ്താനെ സ്വാര്‍ഥ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുത്.

അഫ്ഗാനിസ്ഥാൻ ഭീകരസംഘടനകളുടെ മണ്ണാക്കി മാറ്റാനാവില്ല. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ചിലർ ഭീകരവാദം പടർത്താൻ മുതലെടുക്കുന്നു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്ക് ലോകത്തിൻറെ സഹായം ആവശ്യമാണ്. ഭീകരവാദത്തിലൂടെ നിഴൽ യുദ്ധം തടയുന്നതിൽ യുഎന്നിന് വീഴ്ച പറ്റി. കൊവിഡിന്റെ ഉല്പത്തി കണ്ടെത്തുന്നതിലും യുഎൻ സംശയത്തിൻറെ നിഴലിലായി. യുഎൻ ശക്തിപ്പെടുത്തണമെന്നും മോദി പറഞ്ഞു.