"ഞാൻ രാഹുൽ സവർക്കറല്ല മാപ്പ് പറയാൻ, രാഹുൽ ഗാന്ധിയാണ്"

“എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല,  രാഹുല്‍ ഗാന്ധിയെന്നാണ്. ഞാൻ മാപ്പുപറയില്ല. മാപ്പ് പറയേണ്ടത് മോദിയാണ്,  അമിത് ഷായാണ്.- ഭാരത് ബച്ചാവോ റാലിയില്‍ ഉറച്ച ശബ്ദത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. “രാജ്യസഭയില്‍ ബി.ജെ.പിക്കാര്‍ എന്റെ മാപ്പിന് വേണ്ടി ബഹളം വെക്കുന്നത് നിങ്ങള്‍ കേട്ടു. ഞാന്‍ മാപ്പ് പറഞ്ഞേ തീരുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവരോട് എനിക്ക് പറയാനുള്ള കാര്യം ഇതാണ്. കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ പോലും മാപ്പ് പറയില്ല”- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പ്രധാനമന്ത്രി നരേന്ദ്ര മോദി “ഒറ്റയ്ക്ക്” നശിപ്പിച്ചു എന്ന് ഡൽഹിയിൽ നടന്ന കോൺഗ്രസ് റാലിയിൽ അദ്ദേഹം പറഞ്ഞു. 2016ലെ നോട്ടുനിരോധനത്തെ സൂചിപ്പിച്ചുകൊണ്ടാണ് മോദി സമ്പദ്‌വ്യവസ്ഥയെ ഒറ്റയ്ക്ക് തകർക്കുന്നുവെന്ന്  രാഹുൽ ഗാന്ധി ആരോപിച്ചത്.

രാജ്യം ഇതുവരെയും നോട്ടുനിരോധനത്തിന്റെ ദുരിതത്തിൽ നിന്ന് കരകയറിയിട്ടില്ലെന്ന് ഡൽഹിയിൽ രാംലീല മൈതാനത്ത് നടന്ന റാലിയിൽ അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ, ഭേദഗതി വരുത്തിയ പൗരത്വ നിയമം, കർഷകരുടെ ദുരിതം എന്നീ വിഷയങ്ങളിൽ കോൺഗ്രസ് പാർട്ടി ഭാരത് ബച്ചാവോ (സേവ് ഇന്ത്യ) നടത്തുന്ന റാലിയിലാണ് രാഹുൽ ഗാന്ധി സംസാരിച്ചത്.

Read more

“നരേന്ദ്ര മോദിജി വന്ന് 500, 1000 രൂപ നോട്ടുകൾ നിരോധിച്ചു . കള്ളപ്പണം നീക്കം ചെയ്യുന്നതിനാണ് ഇത് ചെയ്തതെന്ന് പറഞ്ഞ് നിങ്ങളെ എല്ലാവരെയും കബളിപ്പിച്ചു .എന്നാൽ എന്താണ് സംഭവിച്ചത്? ഇന്നുവരെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇതിൽ നിന്ന് കരകയറാനായില്ല. “ഈ രാജ്യം 9 ശതമാനം വളർച്ച കൈവരിക്കുന്ന ഒരു കാലമുണ്ടായിരുന്നു, ആളുകൾ ചൈനയുടെയും ഇന്ത്യയുടെയും വിജയഗാഥയെക്കുറിച്ച് സംസാരിച്ചു … ഞങ്ങളെ “ചൈനിന്ത്യ” എന്ന് വിളിച്ചു . എന്നാൽ ഇന്ന് നമ്മളെ നോക്കൂ. കയ്യിൽ ഉള്ളിയുമായി നിൽക്കുന്നവരുണ്ട്. ഉള്ളി ഒരു കിലോയ്ക്ക് 200 രൂപയായി” -അദ്ദേഹം പറഞ്ഞു.