'പ്രധാനമന്ത്രി എല്ലാം വീക്ഷിക്കുന്നു, നിങ്ങള്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹത്തിന് അറിയാം'; മാധ്യമപ്രവര്‍ത്തകരോട് അഭിജിത് ബാനര്‍ജി

പ്രധാനമന്ത്രി നരേന്ദ്രമോദി ടി.വി കാണുന്നുണ്ടെന്നും നിങ്ങള്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിനറിയാമെന്നും സാമ്പത്തിക നൊബേല്‍ പുരസ്‌കാരം കരസ്ഥമാക്കിയ അഭിജിത് ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“മോദി വിരുദ്ധ പരാമര്‍ശങ്ങള്‍ പറയിപ്പിച്ച് എന്നെ മാധ്യമങ്ങള്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നുള്ള തമാശ പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി സംസാരം തുടങ്ങിയത്. അദ്ദേഹം ടി.വി കാണുന്നുണ്ട്. നിങ്ങളെയും കാണുന്നുണ്ട്. നിങ്ങള്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹത്തിനറിയാം”- അഭിജിത് ബാനര്‍ജി പറഞ്ഞു.

സാമ്പത്തിക നൊബേല്‍ നേടിയ അഭിജിത് ബാനര്‍ജിയുടെ പേരില്‍ ഇന്ത്യ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

സാമ്പത്തിക നൊബേല്‍ സമ്മാനത്തിന് അര്‍ഹനായ ശേഷം ആദ്യമായാണ് അഭിജിത് ബാനര്‍ജി ഇന്ത്യയിലെത്തുന്നത്. ചൊവ്വാഴ്ച അദ്ദേഹം കൊല്‍ക്കത്തയിലേക്ക് പോകും. മാതാവിനെ സന്ദര്‍ശിക്കാനെത്തുന്ന അദ്ദേഹം രണ്ടുദിവസം കൊല്‍ക്കത്തയില്‍ തങ്ങുമെന്നാണ് വിവരം.