കോവിഡ് വാക്സിൻ സുരക്ഷിതം, ദുഷ്പ്രചാരണങ്ങളില്‍ വീഴരുത്; രാജ്യത്ത് വാക്സിന്‍ ദൗത്യത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി

രാജ്യത്തിന്റെ ഏറെ നാളായുള്ള കാത്തിരിപ്പ് അവസാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടക്കം കുറിച്ചത് ഏറ്റവും വലിയ വാക്സിന്‍ ദൗത്യത്തിനാണ്. രണ്ട് വാക്സിനുകളും ഇന്ത്യയില്‍ തയ്യാറാക്കിയതാണ്. ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ആദ്യം നൽകുമെന്നും വാക്സിന്‍ ദൗത്യത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി. വാക്‌സിൻ സുരക്ഷിതമാണെന്നും ദുഷ്പ്രചാരണങ്ങളിൽ വീഴരുതെന്നും മോദി പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ വാക്സിൻ വിതരണം 30 കോടിയിൽ എത്തിക്കും. വാക്സിൻ വിതരണം ആരംഭിച്ചെന്ന് കരുതി പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് കുറഞ്ഞ സമയം കൊണ്ട് വാക്സിനെത്തി. രാജ്യത്തുള്ള എല്ലാവരെയും ഈ ഘട്ടത്തില്‍ അഭിനന്ദിക്കുന്നു. വാക്സിന് വേണ്ടി അശ്രാന്തം പരിശ്രമിച്ചു. രാജ്യത്തിന്‍റെ ഏറെ നാളത്തെ ചോദ്യത്തിനുള്ള മറുപടിയാണിത്. വലിയ ദൗത്യമെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു. കോവിഡ് വാക്സിൻ കുത്തിവെയ്പ്പ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

2 വാക്സിനുകളും മെയ്ഡ് ഇൻ ഇന്ത്യയാണ്. ഇത് രാജ്യത്തിന്‍റെ മികവിന് ഉദാഹരണമാണ്. രാജ്യത്തെ എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കും. വാക്സിൻ വിതരണം മുൻഗണന പട്ടിക പ്രകാരമായിരിക്കും. മുൻഗണന പട്ടികയിൽ സർക്കാർ – സ്വകാര്യ മേഖല എന്ന വേർതിരിവുണ്ടാകില്ലെന്നും മോദി പറഞ്ഞു.