മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് തെളിയിച്ചാൽ മാത്രം ഇനി മുതൽ എൻ.ജി.ഒകൾക്ക് വിദേശ ധനസഹായം; പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ച് ആഭ്യന്തര മന്ത്രാലയം

 

എൻ‌.ജി‌.ഒകൾ‌ക്ക് വിദേശ ഫണ്ടുകൾ‌ ലഭിക്കുന്നതിന്‌, അവരുടെ എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥരും  മതപരിവർത്തനത്തിന് വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ചട്ടങ്ങൾ‌ പ്രകാരം സർക്കാരിനോട് പ്രഖ്യാപിക്കണം.

തിങ്കളാഴ്ച സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ 2011- ലെ വിദേശ സംഭാവന (റെഗുലേഷൻ) ചട്ടങ്ങളിൽ മാറ്റങ്ങൾ പ്രഖ്യാപിച്ചു, ഇത് പ്രകാരം വ്യക്തികൾ ഒരു ലക്ഷം രൂപ വരെ വിലമതിക്കുന്ന വ്യക്തിഗത സമ്മാനങ്ങൾ പ്രഖ്യാപിക്കേണ്ടതില്ല. നേരത്തെ, 25,000 രൂപയിൽ കൂടുതൽ വിലമതിക്കുന്ന സമ്മാനങ്ങൾ പ്രഖ്യാപിക്കണമായിരുന്നു.

ഏതെങ്കിലും എൻ‌ജി‌ഒയുടെ “ഭാരവാഹികളോ പ്രധാന പ്രവർത്തകരോ അംഗങ്ങളോ” ഒരു വിശ്വാസത്തിൽ (മതം) നിന്ന് മറ്റൊന്നിലേക്ക് ആളുകളെ “പരിവർത്തനം” ചെയ്തു എന്ന കുറ്റത്തിനോ “സാമുദായിക സംഘർഷവും അനൈക്യവും” സൃഷ്ടിച്ചതിനോ “പ്രോസിക്യൂട്ട് ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല” എന്ന് സാക്ഷ്യപ്പെടുത്തുന്നത്‌ കർക്കശമാക്കുന്നതാണ് പുതിയ വിജ്ഞാപനം.

നേരത്തെ, എൻ.ജി.ഒ കളുടെ ഡയറക്ടർമാരോ വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതി തേടുന്ന ഉന്നത ഉദ്യോഗസ്ഥനോ മാത്രമേ, ആരെയും മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് പ്രഖ്യാപിക്കേണ്ടിയിരുന്നുള്ളു.

ഇനി മുതൽ, അപേക്ഷകൻ മാത്രമല്ല, എൻ‌ജി‌ഒയിലെ ഓരോ അംഗവും വിദേശ ഫണ്ടുകൾ വഴിതിരിച്ചു വിടുന്നതിലോ “രാജ്യദ്രോഹം, അക്രമാസക്തമായ മാർഗങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിലോ” ഏർപ്പെട്ടിട്ടില്ലെന്ന് പ്രതിജ്ഞയെടുക്കണം.

എൻ‌ജി‌ഒ അംഗം വിദേശ സന്ദർശനം നടത്തുന്നതിനിടെ എന്തെങ്കിലും മെഡിക്കൽ അടിയന്തര സാഹചര്യമുണ്ടായാൽ, ഒരു മാസത്തിനുള്ളിൽ വിദേശത്ത് ലഭിച്ച ആതിഥ്യത്തെ കുറിച്ച് സർക്കാരിനെ അറിയിക്കേണ്ടതുണ്ടെന്നും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നു.

ഫണ്ടിന്റെ ഉറവിടം, ഇന്ത്യൻ രൂപയിലെ ഏകദേശ മൂല്യം, പണം ഉപയോഗിച്ചതിന്റെ ഉദ്ദേശ്യം, രീതി എന്നിങ്ങനെയുള്ള വിശദാംശങ്ങൾ എൻ.ജി.ഒ അംഗം സർക്കാരിനെ ബോധിപ്പിക്കണം. നേരത്തെ, ഈ വിശദാംശങ്ങൾ രണ്ട് മാസത്തിനുള്ളിൽ നൽകിയാൽ മതിയായിരുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ വിദേശ ഫണ്ട് സ്വീകരിക്കുന്ന എൻ‌ജി‌ഒകൾക്കായി നിയമങ്ങളും നടപടിക്രമങ്ങളും കർശനമാക്കിയിട്ടുണ്ട്.

നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് 18,000- ത്തോളം എൻ‌ജി‌ഒകളിൽ നിന്ന് വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി എടുത്തു കളഞ്ഞിരുന്നു.