'ഡല്‍ഹിയിലെ കലാപത്തിനു പിന്നില്‍ അര്‍ബന്‍ നക്സലുകള്‍, ലക്ഷ്യം ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തല്‍'; ഡല്‍ഹി ഹൈക്കോടതിയില്‍ അഭിഭാഷകന്റെ ഹര്‍ജി

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തിനു പിന്നില്‍ അര്‍ബന്‍ നക്‌സലുകളാണെന്നും അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍.ഐ.എ) ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. സഞ്ജീവ് കുമാര്‍ എന്ന അഭിഭാഷകനാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ബോളിവുഡ് നടി സ്വര ഭാസ്‌കര്‍, റേഡിയോ ജോക്കി സമേയ, സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍, ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുല്ല ഖാന്‍ എന്നിവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

അര്‍ച്ചന ശര്‍മ എന്ന അഭിഭാഷക നല്‍കിയ മറ്റൊരു ഹര്‍ജിയില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനീഷ് സിസോദിയ, വാരിസ് പത്താന്‍, അക്ബര്‍ ഉവൈസി, മഹമൂദ് പ്രാച, എ.എ.പി എം.എല്‍.എ അമാനത്തുല്ല ഖാന്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.

ഡല്‍ഹിയിലെ അക്രമസംഭവങ്ങളെ പറ്റി ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് ഹര്‍ഷ് മന്ദര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹര്‍ജിയിലാണ് ഡല്‍ഹിയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ കോടതി വിളിച്ചു വരുത്തുകയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തത്. ബി.ജെ.പി നേതാക്കളായ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് സാഹിബ് സിംഗ് എന്നിവര്‍ക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണമെന്നും റിട്ട. ജഡ്ജിയുടെ നേതൃത്വത്തില്‍ ഡല്‍ഹിക്കു പുറത്തു നിന്നുള്ള ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേകാന്വേഷണ സംഘത്തെ അന്വേഷണം ഏല്‍പ്പിക്കണമെന്നും മന്ദര്‍ ആവശ്യപ്പെട്ടിരുന്നു.

“അര്‍ബന്‍ നക്സലുകള്‍” ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി കലാപമുണ്ടാക്കി എന്നാണ് ഹര്‍ഷ് മന്ദറിനെതിരായ ഹര്‍ജിയില്‍ സഞ്ജയ് കുമാര്‍ വാദിക്കുന്നത്. “ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനും ഇന്ത്യയെ പരാജയപ്പെട്ട സ്റ്റേറ്റായി ചിത്രീകരിക്കാനും അതുവഴി ഇന്ത്യാ മാതാവിനെ അന്താരാഷ്ട്രതലത്തിലും വാണിജ്യതലത്തിലും കഴിയുന്ന എല്ലാ വിധേനയും മുറിപ്പെടുത്താനുമായിരുന്നു ഈ അര്‍ബന്‍ നക്സലുകളുടെ പദ്ധതി.” – ഹര്‍ജിയില്‍ പറയുന്നു.