സിപിഐഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയില്‍

രാഷ്ട്രീയപ്പാര്‍ട്ടിയെന്ന പദവിയില്‍ നിന്ന് സിപിഐഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി സ്വീകരിച്ചു. 1989 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിപിഎമ്മിന് നല്‍കിയ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

സിപിഐഎമ്മിന്റെ രജിസ്‌ട്രേഷന്‍ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്റെ അപേക്ഷ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കാണ് പാര്‍ട്ടി രൂപീകരിച്ചതെന്നും വ്യാജമായ കാര്യങ്ങള്‍ കാട്ടിയാണ് സിപിഐഎം രജിസ്‌ട്രേഷന്‍ നേടിയതെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു. ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചിന് മുന്‍പാകെയാണ് ഹര്‍ജി വന്നത്. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് അടുത്ത മാര്‍ച്ച് 8ലേക്ക് മാറ്റി.

Read more

പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജിക്കാരന്‍ മുന്‍പ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ അപേക്ഷയിലെ വാദങ്ങള്‍ പരിഗണിക്കാതെ കമ്മീഷന്‍ അപേക്ഷ തള്ളിയതെന്നും ഹര്‍ജിയില്‍ പറയുന്നു.