ഒമര്‍ അബ്ദുള്ള തന്നയോ; ട്വിറ്ററില്‍ വൈറലായി കശ്മീര്‍ നേതാവിന്റെ ചിത്രം

താടി നീട്ടി വളര്‍ത്തിയ കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയുടെ ചിത്രവാണ് ട്വിറ്ററില്‍ വൈറലാവുന്നത്. എന്നാല്‍ ചിത്രം ഒമര്‍ അബ്ദുള്ളയുടെതാണ് വ്യക്തമല്ല.

ഇതേ സമയം ചിത്രത്തില്‍ ഒമര്‍ അബ്ദുള്ളയെ തിരിച്ചറിയാനാവുന്നില്ലെന്ന് മമത ട്വീറ്റ് ചെയ്തു. എനിക്ക് വിഷമമുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത് ഇങ്ങനെ സംഭവിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതെല്ലാം എവിടെ ചെന്ന് അവിസാനിക്കുമെന്നും മമത ട്വീറ്റില്‍ ചോദിക്കുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 5 -നാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ രാഷ്ട്രീയതലക്കുറി തിരുത്തിയെഴുതിയത്. സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി മാറിയ ശേഷം അന്നുവരേയും ജമ്മുകശ്മീര്‍ സംസ്ഥാനം അനുഭവിച്ചുകൊണ്ടിരുന്ന സവിശേഷ പദവി, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ നഷ്ടപ്പെട്ടിരുന്നു. അത് ഒരു സംസ്ഥാനം അല്ലാതെയായി. ജമ്മു കശ്മീര്‍ എന്നും ലഡാക്കെന്നും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനം വിഭജിക്കപ്പെട്ടിരുന്നു.

വിപ്ലവകരമായ ആ തീരുമാനം എടുക്കുന്നതിന്റെ തലേന്ന് ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലിലാക്കിയിരുന്നു. തടങ്കലില്‍ ചെലവിട്ട നാലുമാസവും ഒമര്‍ അബ്ദുള്ള പ്രതിഷേധം എന്ന നിലയ്ക്ക് താടി വളര്‍ത്തുന്നുണ്ടെന്ന് സൂചനയുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഒമര്‍ അബ്ദുള്ളയുടേതെന്ന പേരില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രം കണ്ടാല്‍ ചിത്രത്തിലുള്ളത് അദ്ദേഹമാണ് എന്ന് വിശ്വസിക്കാന്‍ പോലും ആര്‍ക്കുമായെന്നു വരില്ല. ഒരാളെ ആര്‍ട്ടിക്കിള്‍ 370 എങ്ങനെ മാറ്റും എന്ന് നോക്കൂ എന്ന ടാഗ്ലൈനോടെയാണ് പലരും ഈ ചിത്രം പങ്കുവെച്ചിട്ടുള്ളത്.

ഒമര്‍ അബ്ദുള്ളയ്‌ക്കൊപ്പം ഫറൂഖ് അബ്ദുള്ള, മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളും നിയമജ്ഞരും വ്യവസായികളുമാണ് ജമ്മു – കശ്മീരില്‍ തടങ്കലില്‍ ആയിരിക്കുന്നത്. കഴിഞ്ഞയിടെയാണ് ജമ്മു കശ്മീരില്‍ വിവിധ ജില്ലകളില്‍ ടെലഫോണ്‍ സേവനവും ഇന്റര്‍നെറ്റും പുനഃസ്ഥാപിച്ചത്. രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയതിന് എതിരെ നിരവധി ദേശീയ, അന്തര്‍ ദേശീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു.