"ഫോൺ ഹാക്ക് ചെയ്തു, അശ്ലീല വീഡിയോ അയച്ചപ്പോൾ ഉറക്കത്തിലായിരുന്നു": ഗോവ ഉപമുഖ്യമന്ത്രി

സാമൂഹിക പ്രവർത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ക്ലിപ്പുകൾ അയച്ചു എന്ന പ്രതിപക്ഷ ആരോപണം നേരിടുന്ന ഗോവ ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് ബാബു കാവ്‌ലേക്കർ തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി ആരോപിച്ച് പൊലീസിന് പരാതി നൽകി. ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ്‌ അദ്ദേഹത്തിന്റെ ഫോണിൽ നിന്നുള്ള സന്ദേശം ഗ്രൂപ്പിലേക്ക് പോയത്.

ഫോണിന് സമീപം ഇല്ലായിരുനെന്നും മാത്രമല്ല താൻ നല്ല ഉറക്കത്തിലായിരുന്ന സമയത്താണ് ക്ലിപ്പ് തന്റെ ഫോണിൽ നിന്ന് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് പോയതെന്നും ചന്ദ്രകാന്ത് കവ്‌ലേക്കർ സൈബർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. “ചില അക്രമികൾ” അശ്ലീല ഉള്ളടക്കമുള്ള ഒരു വീഡിയോ “വില്ലജ്സ് ഓഫ് ഗോവ” എന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന് അയച്ചതായി അദ്ദേഹം പറഞ്ഞു.

വീഡിയോ “ക്രിമിനൽ ഉദ്ദേശ്യത്തോടെ മനഃപൂർവ്വം തന്റെ പേരിൽ അയച്ചതാണെന്ന് ചന്ദ്രകാന്ത് കാവ്‌ലേക്കർ പരാതിയിൽ പറഞ്ഞു. താൻ ഭാഗമായ നിരവധി ഗ്രൂപ്പുകളിൽ ഒന്നിന് മാത്രമാണ് വീഡിയോ അയച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ അപകീർത്തിപ്പെടുത്താനും തന്നെ കുറിച്ച് തെറ്റായ പ്രതിച്ഛായ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനും സമീപകാല ചരിത്രത്തിൽ ഇത്തരം നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നും അദ്ദേഹം ആരോപിച്ചു.

തന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തുകയും അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്ത് അയക്കുകയും ചെയ്ത ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പൊലീസിന് നൽകിയ പരാതിയിൽ ഉപമുഖ്യമന്ത്രി പറഞ്ഞു.

ഉപമുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പാർട്ടികളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ 1.20 നാണ് കാവ്‌ലേക്കർ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മോശം വീഡിയോ പോസ്റ്റ് ചെയ്തതെന്ന് ആരോപിച്ച് ഗോവ കോൺഗ്രസ് പരാതി നൽകി. ഗോവ ഫോർവേഡ് പാർട്ടിയുടെ വനിതാ യൂണിറ്റ് നൽകിയ മറ്റൊരു പരാതിയിൽ ഉപമുഖ്യമന്ത്രിക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ചന്ദ്രകാന്ത് ബാബു കാവ്‌ലേക്കർ കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേരുകയും ഗോവ സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനം നേടുകയുമായിരുന്നു.