പെ​ഗാസസ് ഫോൺ ചോർത്തൽ; സുപ്രീംകോടതി വിധി സ്വാ​ഗതാർഹമെന്ന് രാഹുൽ ​ഗാന്ധി

പെഗാസസ് സോഫ്‌റ്റ്‌വെയർ ഫോൺ ചോർത്തൽ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവാനിടെയുണ്ടെന്നുമുള്ള സുപ്രീംകോടതി നിരീക്ഷണം സ്വാ​ഗതാർഹമെന്ന് രാഹുൽ ​ഗാന്ധി. വിഷയത്തിൽ കോടതി പ്രകടിപ്പിച്ച ആശങ്ക തെളിയിക്കുന്നത് പെഗാസസ് വിഷയത്തിൽ പ്രതിപക്ഷം സ്വീകരിച്ച നിലപാട് ശരിയായിരുന്നു എന്നാണെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.

സുപ്രീംകോടതിയുടെ ഇടപെടലിലൂടെ സത്യം തെളിയുമെന്ന് വിശ്വസിക്കുന്നു. ഫോണുകൾ ആർക്കുവേണ്ടി, എന്തിന് വേണ്ടിയാണ് ചോർത്തിയതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം. കേന്ദ്രസർക്കാർ നിലപാട് ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണന്നും രാഹുൽഗാന്ധി പറഞ്ഞു.

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസിന്റെ ഫോൺ പോലും പെഗാസസ് ഉപയോഗിച്ച് ചോർത്തപ്പെട്ടു. ഇത് സംബന്ധിച്ച് പാർലമെന്റിൽ ചർച്ചയ്ക്ക് പോലും പ്രധാനമന്ത്രി തയ്യാറായില്ലെന്നും ആർക്കുവേണ്ടി എന്തിനുവേണ്ടി ഫോണുകൾ ചോർത്തിയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. കർണാടകയിലെ കോൺഗ്രസ് സഖ്യസർക്കാരിനെ അട്ടിമറിച്ചത് പെഗസസ് ഉപയോഗിച്ചാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

Read more

ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ സുപ്രീംകോടതി അന്വേഷണ സമിതി രൂപീകരിച്ചു. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ആർ.വി രവീന്ദ്രൻ സമിതിയുടെ തലവനാകും, നാഷണൽ ഫോറൻസിക് യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥർക്കൊപ്പം ഒരു ഐപിഎസ് ഉദ്യോഗസ്ഥനും അദ്ദേഹത്തെ സഹായിക്കും.