ഭീകരർക്ക് എതിരെ ഉപയോഗിക്കേണ്ട ആയുധം രാജ്യത്തിന് എതിരെ ഉപയോഗിച്ചു; പെഗാസസ് വിവാദത്തിൽ അമിത് ഷാ രാജിവെയ്ക്കണമെന്ന് രാഹുൽ ഗാന്ധി

പെഗാസസ് വിവാദത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി. ഭീകരർക്കെതിരെ ഉപയോഗിക്കേണ്ട ആയുധം രാജ്യത്തിനെതിരെ മോദി ഉപയോഗിച്ചു. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി പെഗാസസ് ഉപയോഗിച്ചുവെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

സുപ്രീം കോടതി ജഡ്ജിയുടെ ഫോൺ വരെ നിരീക്ഷിക്കപ്പെട്ടുവെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. തന്റെ ഫോൺ ചോർത്തിയത് മാത്രമല്ല വിഷയം. ചോർത്തലിനെ ഭയക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറയുന്നു. അഴിമതിക്കാരനല്ലെങ്കിൽ ഭയം വേണ്ടെന്നും രാഹുൽ പറഞ്ഞു. പെഗാസസ് സോഫ്റ്റ്‍വെയർ വാങ്ങിയോ ഉപയോഗിച്ചോ എന്ന് ചോദ്യത്തിന് കേന്ദ്ര സർക്കാർ ഉത്തരം പറയണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. പെഗാസസ് വിഷയത്തിൽ പാർലമെന്റിൽ ഇന്നും പ്രതിഷേധം തുടരുകയാണ്. ലോകസഭയിൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി.

രാഹുൽ ഗാന്ധി, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി എംപി, മുൻ വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ, തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മുൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർ അശോക് ലവാസ തുടങ്ങിയ പ്രമുഖരുടെ ഫോൺ ചോർത്തിയതായി നേരത്തെ റിപ്പോർട്ടു പുറത്തുവന്നിരുന്നു.

‘വാഷിങ്ടൺ പോസ്റ്റ്’, ‘ദ് ഗാർ‌ഡിയൻ’, ഇന്ത്യയിലെ ഓൺലൈൻ മാധ്യമമായ ‘ദ് വയർ’ തുടങ്ങി 17 മാധ്യമങ്ങൾ ചേർന്നാണു ഫോൺ ചോർത്തൽ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്നത്. ഇവരുടെ നമ്പരുകൾ പെഗസസ് ഡേറ്റാബേസിലുള്ളത് ഫോൺ ചോർത്തപ്പെട്ടെന്നതിനു സ്ഥിരീകരണമല്ലെന്ന് അന്വേഷണസംഘം പറയുന്നു. എന്നാൽ ഇവരെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടെന്നാണു ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇസ്രയേൽ സൈബർ ഇന്റലിജൻസ് സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പിന്റേതാണു പെഗസസ് ചാര സോഫ്റ്റ്‍വെയർ.