മോദി വിരുദ്ധ സഖ്യ നീക്കവുമായി എന്‍.സി.പി; ശരദ് പവാര്‍ വിളിച്ച യോഗം ഇന്ന്, നിർണായകം

2024 ലോക് സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിര്‍ണായക രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങി എൻ.സി.പി. ശരദ് പവാര്‍ വിളിച്ച കോൺഗ്രസിതര പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് നടക്കും. 15 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വിവിധ മേഖലകളിലെ പ്രമുഖരും  എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കും.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയുടെയും പിന്തുണയോടെയാണ് പ്രതിപക്ഷ ബദലിന് പവാര്‍ ശ്രമിക്കുന്നത്. പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിനു മുന്നോടിയായി തൃണമൂൽ കോൺഗ്രസിൽ ചേർന്ന ബി.ജെ.പി. മുൻനേതാവ് യശ്വന്ത് സിഹ്നയുടെ സംഘടനയായ രാഷ്ട്രമഞ്ചാണ് പ്രതിപക്ഷ പാർട്ടികൾക്ക് ക്ഷണക്കത്ത് അയച്ചത്. ശരദ്‌ പവാറും യശ്വന്ത് സിഹ്നയും ഇന്നത്തെ ദേശീയ സാഹചര്യത്തെ കുറിച്ച് ചർച്ച നയിക്കുന്നതായും ഇതിൽ സാന്നിദ്ധ്യം അപേക്ഷിക്കുന്നതായും ക്ഷണക്കത്തിൽ പറയുന്നു. രാഷ്ട്രീയ ജനതാദൾ നേതാവ് മനോജ് ഝാ, ആം ആദ് മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്, കോൺഗ്രസ് നേതാക്കളായ വിവേക് ടംഖ, കപിൽ സിബൽ തുടങ്ങിയവർക്കും കത്ത് ലഭിച്ചിട്ടുണ്ട്. യോഗത്തിൽ പങ്കെടുക്കില്ലെന്ന് ടംഖയും സിബലും വ്യക്തമാക്കി.

എന്‍സിപി ഭാരവാഹികളുടെ യോഗം ശരദ് പവാറിന്‍റെ വസതിയില്‍ ചേരും. പിന്നാലെ പ്രതിപക്ഷ നേതാക്കളും പ്രമുഖരും പങ്കെടുക്കുന്ന യോഗം നടക്കും. യശ്വന്ത് സിന്‍ഹ, പവന്‍ വര്‍മ, സഞ്ജയ് സിങ്, ഡി രാജ, ഫറൂഖ് അബ്ദുല്ല, ജസ്റ്റിസ് എ.പി സിങ്, ജാവേദ് അക്തര്‍, കെ.ടി.എസ് തുള്‍സി, കരണ്‍ ഥാപ്പര്‍, അശുതോഷ്, മജീദ് മെമന്‍, വന്ദന ചവാന്‍, മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ ഖുറേഷി, കെ.സി സിങ്, സുധീന്ദ്ര കുല്‍ക്കര്‍ണി, പ്രതീഷ് നന്ദി , കോളിന്‍ ഗോണ്‍സാല്‍വസ് തുടങ്ങിയവര്‍ പങ്കെടുക്കും.

പ്രശാന്ത് കിഷോര്‍ ശരദ് പവാറുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിരുന്നു. രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തുന്നത്. എന്‍സിപി ഉള്‍പ്പെട്ട മഹാരാഷ്ട്രയിലെ ഭരണമുന്നണിയില്‍ ഭിന്നതയ്ക്കിടെയാണ് പവാറിന്‍റെ നീക്കം. ബിജെപിയുമായി വീണ്ടും സഖ്യം വേണമെന്ന് ശിവസേനയില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള ആലോചനയിലാണ്. അതേസമയം, മഹാ അഘാടി സഖ്യം ഒറ്റക്കെട്ടാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചു.