മഹാരാഷ്ട്ര ശിവസേന സഖ്യം: സോണിയയും പവാറും ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുമ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും ഞായറാഴ്ച വൈകുന്നേരം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയേക്കും. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന്റെ ഭാഗമായി ശിവസേനയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

സര്‍ക്കാര്‍ രൂപവത്കരണം സംബന്ധിച്ച പൊതുമിനിമം പരിപാടിക്ക് കോണ്‍ഗ്രസും എന്‍.സി.പിയും അന്തിമരൂപം ഉണ്ടാക്കിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. പൊതു മിനിമം പരിപാടിയുടെ വിശദാംശങ്ങളും മൂന്നു പാര്‍ട്ടികള്‍ക്കും ഇടയില്‍ മന്ത്രിസ്ഥാനങ്ങള്‍ പങ്കുവെക്കുന്നതിനെക്കുറിച്ചും പവാറും സോണിയയും ചര്‍ച്ച നടത്തുമെന്ന് എന്‍.സി.പി വൃത്തങ്ങള്‍ പറഞ്ഞു.

ഇതേ സമയം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ഇന്ന് ഗവര്‍ണറുമായി നടത്താനിരുന്ന സംയുക്ത കൂടിക്കാഴ്ചയില്‍ നിന്ന് ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ പിന്മാറി. മൂന്ന് പാര്‍ട്ടികളുടെയും പ്രതിനിധികളാണ് ഇന്ന് ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ യോഗം അവസാന നിമിഷം റദ്ദാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.

Read more

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ശിവസേനയും കോണ്‍ഗ്രസും എന്‍.സി.പി യും തമ്മില്‍ ധാരണയായിരുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായും (എന്‍.സി.പി) കോണ്‍ഗ്രസുമായും ചേര്‍ന്ന് ശിവസേന രൂപീകരിക്കുന്ന സഖ്യ സര്‍ക്കാരില്‍ ശിവസേനയ്ക്ക് തന്നെ ആയിരിക്കും മുഖ്യമന്ത്രി സ്ഥാനം ലഭിക്കുക എന്നും സൂചനകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിനും എന്‍.സി.പിക്കും ഒരു ഉപമുഖ്യമന്ത്രി വീതവും. മൂന്ന് പാര്‍ട്ടികളുടെയും പൊതുമിനിമം പരിപാടിയുടെ കരടും തയ്യാറായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കാനിരുന്ന കൂടിക്കാഴ്ച പിന്‍വലിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമല്ല.