പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സോണിയ ഗാന്ധി വിളിച്ച യോഗത്തിൽ തൃണമൂൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് മമത ബാനർജി; നിയമത്തിനെതിരായ പ്രതിപക്ഷ ഐക്യത്തിൽ പിളർപ്പിന്റെ സൂചന

കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി തിങ്കളാഴ്ച വിളിച്ച യോഗത്തിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പൗരത്വ നിയമത്തിനെതിരായുള്ള പ്രതിപക്ഷ ഐക്യത്തിൽ ഭിന്നിപ്പിന്റെ സൂചന നൽകുന്നതാണ് മമത ബാനർജിയുടെ വാക്കുകൾ.

ഇടതുപക്ഷവും കോൺഗ്രസും വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് ബംഗാൾ മുഖ്യമന്ത്രി ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിയ്ക്ക് (സി‌എ‌എ) എതിരെയും ദേശീയ പൗരത്വ പട്ടികയ്ക്ക് (എൻ‌ആർ‌സി) എതിരെയും ഒറ്റയ്ക്ക് പോരാടുമെന്നും അവർ പറഞ്ഞു. “, പ്രതിപക്ഷത്തിന്റെ അഖിലേന്ത്യാ നിലപാടിന് വിരുദ്ധമായി, സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം കാരണം ജനുവരി 13- ന് നടക്കുന്ന സി‌എ‌എ, എൻ‌ആർ‌സി വിരുദ്ധ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു,” ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിച്ച മമത ബാനർജി പറഞ്ഞു.

ഇടതു ട്രേഡ് യൂണിയനുകൾ ഇന്നലെ വിളിച്ച പണിമുടക്കിനിടെ ബസുകൾക്ക് ഉണ്ടായ നാശനഷ്ടവും സിപിഎം നടത്തിയ റോഡ് ഉപരോധത്തെയും പരാമർശിച്ചു കൊണ്ടുള്ളതായിരുന്നു മമത ബാനർജിയുടെ വാക്കുകൾ. പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടം തുടരുമെന്നും ഈ നിയമത്തെയും എൻ‌ആർ‌സിയെയും ബംഗാളിൽ ഒരിക്കലും അനുവദിക്കില്ലെന്നും മമത ബാനർജി പറഞ്ഞു.