ഗുരുതര വീഴ്ച; ഓക്സിജൻ ഉത്പാദനം കൂട്ടാൻ കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാരിന് നിര്‍ദേശം ലഭിച്ചിരുന്നതായി റിപ്പോർട്ട്

രാജ്യത്ത് ഓക്സിജൻ ഉത്പാദനം കൂട്ടാൻ നവംബറിൽ കേന്ദ്ര സർക്കാരിന് നിര്‍ദേശം ലഭിച്ചിരുന്നതായി റിപ്പോർട്ട്. പാർലമെന്ററി സമിതിയാണ് കേന്ദ്ര സർക്കാരിനോട് ഓക്സിജൻ ഉത്പാദനവും ആശുപത്രികളിൽ കിടക്കകളുടെ എണ്ണവും കൂട്ടാൻ  നിർദേശിച്ചിരുന്നത്. ഓക്സിജൻ സിലിണ്ടറിന്റെ വില നിർണയിക്കാൻ വേണ്ട നടപടിയെടുക്കാൻ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയോട്‌ നിർദേശിക്കണെന്നും സമിതി ആവശ്യപ്പെട്ടിരുന്നു. സമാജ്‌വാദി പാർട്ടി നേതാവ് രാംഗോപാൽ യാദവ് അദ്ധ്യക്ഷനായ ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.

ആശുപത്രിക്കിടക്കകളുടെയും വെന്റിലേറ്റർ സൗകര്യത്തിന്റെയും കുറവ് കോവിഡ് നിയന്ത്രണം സങ്കീർണമാക്കുമെന്നും സമിതി പറഞ്ഞിരുന്നു. പൊതുജനാരോഗ്യമേഖയിലെ നിക്ഷേപം കൂട്ടുക, രാജ്യത്തെ ആരോഗ്യസേവനങ്ങളും സൗകര്യങ്ങളും വികേന്ദ്രീകൃതമാക്കാൻ നടപടിയെടുക്കുക എന്നീ നിർദേശങ്ങളും മുന്നോട്ടു വെച്ചിരുന്നു.

രാജ്യത്ത് ദിവസം ഉത്പാദിപ്പിക്കുന്നത് 6,900 ടൺ ഓക്സിജനാണ്. സെപ്റ്റംബർ 24-25 തിയതികളിലാണ് ഏറ്റവുമധികം ഓക്സിജൻ ഉപയോഗിച്ചതെന്നും (3000 ടൺ) റിപ്പോർട്ടിൽ പറയുന്നു.