പാര്‍ലമെന്‍റ്  ധർണ; കർഷക നേതാക്കളുമായി ഡല്‍ഹി പൊലീസ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തും

പാർലമെന്‍റിനു മുന്നിൽ കർഷക സംഘടനകൾ നിശ്ചയിച്ച ധർണയുടെ സമരവേദി  മാറ്റണമെന്ന ആവശ്യം തള്ളിയതോടെ കർഷക നേതാക്കളുമായി ഡല്‍ഹി പൊലീസ് ഇന്ന് വീണ്ടും ചർച്ച നടത്തും. ഇന്നലെ നടന്ന ചർച്ചയിൽ അതിവ സുരക്ഷ മേഖലയായ പാർലമെന്‍റിനു മുന്നിൽ നിന്നും ജന്തർമന്ദറിലേക്ക് ധർണ മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കർഷക നേതാക്കൾ അംഗീകരിക്കാതായതോടെ ചർച്ച അലസിപിരിഞ്ഞിരുന്നു.

ഈ മാസം 22ാം തീയതിമുതല്‍ പാർലമെന്റ് സമ്മേളനം അവസാനിക്കുന്ന ആഗസ്റ്റ് 13വരെ അഞ്ച് കർഷക സംഘടനാ നേതാക്കളും 200 കർഷകരും പാർലമെന്റിന് മുമ്പിൽ പ്രതിഷേധിക്കാനെത്തുമെന്നാണ് വിവരം.കോവിഡ് സാഹചര്യത്തിൽ പ്രതിഷേധം അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു  പൊലീസ് കർഷക നേതാക്കളെ അറിയിച്ചത്യ

അതേസമയം, ഡൽഹി അതിർത്തിയിലെ കർഷക സമരം പാർലമെന്റിന് മുന്നിലേക്ക് നീങ്ങാനിരിക്കേ തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കി. ആവശ്യമെങ്കിൽ ഇന്ന് പാർലമെന്‍റിന് സമീപത്തുള്ള ഏഴു മെട്രോ സ്റ്റേഷനുകൾ അടച്ചിടേണ്ടി വരുമെന്ന് ഡൽഹി പൊലീസ് മെട്രോ അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.