നിലപാട് വ്യക്തമാക്കി കേന്ദ്രം; ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റ് ശീതകാല സമ്മേളനം

പാര്‍ലമെന്റ് ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ചുവരെ നടക്കും. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ പാര്‍ലമെന്ററി കാര്യ മന്ത്രിസഭാ സമിതി യോഗം ചേര്‍ന്നാണു സമ്മേളനത്തിന്റെ തീയതി തീരുമാനിച്ചത്. 25, 26 തീയതികള്‍ അവധിയായതിനാല്‍ ആകെ 14 ദിവസങ്ങളിലാണ് പാര്‍ലമെന്റ് ചേരുക. സമ്മേളനം വിജയിപ്പിക്കാനും അര്‍ഥവത്താക്കാനും എല്ലാ പാര്‍ട്ടികളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായി പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വൈകിപ്പിച്ചതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇനിയും പ്രതിഷേധം കടുപ്പിക്കാന്‍ തന്നെയാണ് പ്രതിപക്ഷ നീക്കം.

നിസാര കാരണങ്ങള്‍ പറഞ്ഞു പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം മോദി സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പരമ്പരാഗതമായി ശീതകാല സമ്മേളനം നവംബര്‍ മൂന്നാം ആഴ്ച മുതല്‍ ഡിസംബര്‍ മൂന്നാം ആഴ്ച വരെയാണു നടത്തപ്പെടുന്നത്. പ്രവാസികളുടെ വോട്ടവകാശം, മുത്തലാഖ് വഴി വിവാഹ മോചനം നേടുന്നതിനെതിരെയുള്ള നിയമം, ദേശീയ പിന്നാക്ക കമ്മിഷന് ഭരണഘടനാ പദവി എന്നീ ബില്ലുകള്‍ സഭ പരിഗണിക്കും. അമിത് ഷായുടെ മകന്‍ ജയ് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകന്‍ ശൗര്യ ദോവല്‍ എന്നിവര്‍ക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍, റഫാല്‍ വിമാനക്കരാറിലെ പാളിച്ചകള്‍ എന്നിവ ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം ശ്രമിക്കും എന്ന് കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ സഭ ചേരുന്നത് വൈകിപ്പിച്ചത്. ഈ വിഷയങ്ങള്‍ പ്രതിപക്ഷം ആയുധമാക്കിയേക്കും.