അടച്ചിട്ട വ്യോമപാത തുറന്ന് പാകിസ്ഥാൻ; ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് നീക്കി

ഏറെ നാളായി അടച്ചിട്ട വ്യോമപാത തുറന്ന് പാകിസ്ഥാൻ. ബാലാകോട്ട് ആക്രമണങ്ങൾക്ക് ശേഷമാണ് പാകിസ്ഥാൻ വ്യോമമേഖലയിൽ ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്കേർപ്പെടുത്തിയത്.

പൊതുമേഖലാ കമ്പനിയായ എയർ ഇന്ത്യക്ക് ഏറെ ​ഗുണകരമാകുന്നതാണ് പാകിസ്ഥാന്റെ ഈ നടപടി , വ്യോമ മേഖല അടച്ചിട്ടതോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ വഴി തിരിച്ച് വിടേണ്ടി വന്ന എയർ ഇന്ത്യയുടെ നഷ്ടം 500 കോടിയോളമായിരുന്നു.

ഫെബ്രുവരി 26 ന് നടന്ന ബാലാകോട്ട് ആക്രമണത്തെ തുടർന്ന് 11 വ്യോമപാതകളിൽ 2 എണ്ണം ഒഴികെ ബാക്കിയെല്ലാം അടച്ചിട്ടിരുന്നു. എന്നാൽ പാകിസ്ഥാൻ പിന്നീട് ഏതാനും പാതകൾ തുറന്നിരുന്നെങ്കിലും ഇന്ത്യൻ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നിർബാധം തുടരുകയായിരുന്നു.

ഇന്ന് ഏകദേശം 12.41 നാണ് പാകിസ്ഥാൻ തങ്ങളുടെ വ്യോമപാതയിലൂടെ എല്ലാ സൈനികേതര വിമാനങ്ങൾക്കും സഞ്ചരിക്കാൻ അനുമതി നൽകിയത്.