വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ തോക്ക് തിരികെ നല്‍കാതെ പാകിസ്ഥാന്‍

പാകിസ്ഥാന്‍ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ തോക്ക് തിരികെ നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മിഗ് 21 ബൈസന്‍ യുദ്ധവിമാനം തകര്‍ന്നതിനെ തുടര്‍ന്ന് അഭിനന്ദന്‍ വര്‍ധമാന്‍ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കൈവശം തോക്കുണ്ടായിരുന്നു. സൈനികന്റെ വാച്ച്, മോതിരം, കണ്ണട എന്നിവ മാത്രമാണ് പാകിസ്ഥാന്‍ കൈമാറിയിരിക്കുന്നത്. തോക്ക് പാകിസ്ഥാന്‍ പിടിച്ചെടുത്തിരിക്കാനാണ് സാധ്യത.

കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് അഭിനന്ദന്‍ വര്‍ധമാന്‍ തന്നെ പിടികൂടാനെത്തിയ പാകിസ്ഥാനികളില്‍ നിന്നും രക്ഷപ്പെടുന്നതിനായി ആകാശത്തേക്ക് വെടിയുതിര്‍ത്തിരുന്നു. പക്ഷേ ഈ തോക്ക് പാകിസ്ഥാന്‍ തിരികെ നല്‍കിയ വസ്തുക്കളുടെ പട്ടികയിലില്ല.

അതിജീവനത്തിനുള്ള കിറ്റ്, ഭൂപടം, സുപ്രധാനമായ രേഖകള്‍ എന്നിവ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടുമ്പോള്‍ അഭിനന്ദന്‍ വര്‍ധമാന്റെ കൈയിലുണ്ടായിരുന്നു. ഇവ പാക് സൈന്യം പിടികൂടുന്നതിന് മുമ്പ് അദ്ദേഹം നശിപ്പിച്ചു.