പി.ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഐ.എന്‍.എക്സ്. മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനു ശേഷം വീട്ടിലെത്തിയ ചിദംബരത്തെ അവിടെയെത്തിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം സി.ബി.ഐ ആസ്ഥാനത്ത് ഒന്നര മണിക്കൂറോളമാണ് സി.ബി.ഐ ചിദംബരത്തെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.

വിശദമായ ചോദ്യം ചെയ്യലിന് ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. കേസില്‍ നേരത്തെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടും അദ്ദേഹം സഹകരിച്ചില്ലെന്നും വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരിക്കും സി.ബി.ഐ കസ്റ്റഡി അപേക്ഷ നല്‍കുക. കേസിലെ മുഖ്യപ്രതികളിലൊരാളായ ഇന്ദ്രാണി മുഖര്‍ജി പി. ചിദംബരത്തിനെതിരെ സുപ്രധാന മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചിദംബരം ജാമ്യാപേക്ഷ സമര്‍പ്പിക്കും. കസ്റ്റഡിയില്‍ വിടാനാണ് കോടതി തീരുമാനമെങ്കില്‍ ജാമ്യാപേക്ഷ പിന്നീടായിരിക്കും പരിഗണിക്കുക. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനു ശേഷം വീട്ടിലെത്തിയ ചിദംബരത്തെ അവിടെയെത്തിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നടപടി.

പത്രസമ്മേളനത്തിനു ശേഷം രാത്രി 8.30- ഓടെയാണ് ചിദംബരവും അഭിഭാഷകനായ കപില്‍ സിബലും ചിദംബരത്തിന്റെ വീട്ടിലെത്തിയത്. സി.ബി.ഐ ഉദ്യോഗസ്ഥരും പിന്നാലെയെത്തി. ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നതിനാല്‍ മതില്‍ ചാടിക്കടന്നാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.