ഐ.എന്‍.എക്സ് മീഡിയ കേസ്; നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ പി. ചിദംബരം അറസ്റ്റില്‍, സി.ബി.ഐയും എന്‍ഫോഴ്സ്‌മെന്റും വീട്ടിലെത്തിയത് മതില്‍ ചാടിക്കടന്ന്

ഐ.എന്‍.എക്‌സ്. മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനു ശേഷം വീട്ടിലെത്തിയ ചിദംബരത്തെ അവിടെയെത്തിയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നടപടി.

പത്രസമ്മേളനത്തിനു ശേഷം രാത്രി 8.30- ഓടെയാണ് ചിദംബരവും അഭിഭാഷകനായ കപില്‍ സിബലും ചിദംബരത്തിന്റെ വീട്ടിലെത്തിയത്. സി.ബി.ഐ ഉദ്യോഗസ്ഥരും പിന്നാലെയെത്തി. ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നതിനാല്‍ മതില്‍ ചാടിക്കടന്നാണ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത്. പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ഡല്‍ഹി ജോയിന്റ് കമ്മീഷണരുടെ നേതൃത്വത്തിലുള്ള പൊലീസിന്റെ അന്‍പതംഗ സംഘമാണ് ചിദംബരത്തിന്റെ വീട്ടിലെത്തിയത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തും ചിദംബരത്തിന്റെ വീടിന്റെ മുന്നിലും തമ്പടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതിനിടയില്‍ ബിജെപി പ്രവര്‍ത്തകരും ചിദംബരത്തിനെതിരായി മുദ്രാവാക്യം വിളികളുമായെത്തി. തുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് നാടകീയ നിമിഷങ്ങള്‍ക്കൊടുവില്‍ 9.45-ഓടെയാണ് അറസ്റ്റുണ്ടായത്.

ഐ.എന്‍.എക്‌സ്. മീഡിയ കേസുമായി ബന്ധപ്പെട്ട് താനോ കുടുംബാംഗങ്ങളോ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ കുറ്റപത്രമില്ലെന്നും ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ചിദംബരം ഒളിവില്‍ പോയതായുള്ള വാര്‍ത്തകള്‍ക്കിടയിലാണ് തന്റെ ഭാഗം വിശദീകരിച്ച് ചിദംബരം എഐസിസി ആസ്ഥാനത്ത് പത്രസമ്മേളനം വിളിച്ചത്.

അന്വേഷണ ഏജന്‍സിയായ സിബിഐ നിയമത്തെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുന്നതിന് വെള്ളിയാഴ്ച വരെ കാത്തിരിക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ചയും അതിനു ശേഷവും തനിക്ക് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ചിദംബരം പറഞ്ഞിരുന്നു.